മുഴപ്പിലങ്ങാട് - മാഹി ബൈപാസ് യാഥാര്‍ഥ്യമാകുന്നു; ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയെത്തും

മുഴപ്പിലങ്ങാട് - മാഹി ബൈപാസ് യാഥാര്‍ഥ്യമാകുന്നു; ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയെത്തും


കണ്ണൂര്‍: ജില്ലയുടെ യാത്രാ ദുരിതത്തിന് പരിഹാരമായി മുഴപ്പിലങ്ങാട് - മാഹി ബൈപാസ് അന്തിമ ഘട്ടത്തിലേക്ക്. ഇനി പൂര്‍ത്തികരിക്കാനുളളത് മാഹി -അഴിയൂര്‍ റെയില്‍വെ മേല്‍പാലത്തിന്റെ പ്രവൃത്തി മാത്രമാണ്. ഇതിന്റെ 90 ശതമാനം നിര്‍മാണവും കഴിഞ്ഞതായി കരാര്‍ കംപനി അധികൃതര്‍ അറിയിച്ചു.

ബാലം പാലത്തിന് മുകളില്‍ സ്ലാബുകളുടെ കോണ്‍ക്രീറ്റ് നടന്നുവരികയാണ്. തുടര്‍ന്ന് എക്‌സ്പാന്‍ഷന്‍ യോജിപ്പിച്ച് ടാറിങ് ജോലി തീര്‍ക്കണം. അവസാനഘട്ട മിനുക്ക് പണി മാത്രമാണ് ഇനിയുള്ളത്. ഫെബ്രുവരി 10 നുള്ളില്‍ മാഹി റെയില്‍വേ പാലം പണി പൂര്‍ത്തിയാക്കാനുള്ള തീവ്ര ശ്രമത്തിലാണ് കംപനി ജീവനക്കാര്‍.

കൊളശേരിക്കും ബാലത്തിനുമിടയില്‍ ടോള്‍ പ്ലാസ സ്ഥാപിച്ച് കഴിഞ്ഞിട്ടുണ്ട്. ഫാസ്റ്റ് ടാഗ് സംവിധാനം വഴിയാണ് ടോള്‍ അടയ്‌ക്കേണ്ടത്. ഇതിനുള്ള കാമറയുള്‍പെടെയുള്ളവ സ്ഥാപിക്കുന്ന പ്രവൃത്തിയും പെയിന്റിങ് ജോലിയുമാണ് പുരോഗമിക്കുന്നത്. ആറുവരിപാതയിലൂടെ എത്തുന്ന വാഹനങ്ങള്‍ ടോള്‍ പ്ലാസയിലൂടെ രണ്ടുവരിയായി കടന്നുപോകണം. ഇത് ഗതാഗത തടസമുണ്ടാക്കുമോയെന്ന ആശങ്ക പ്രദേശവാസികള്‍ക്കുണ്ട്. എന്നാല്‍ താല്‍ക്കാലികമായാണ് ഇവിടെയുള്ള ടോള്‍ പിരിവെന്നാണ് സൂചന.

ഓടോമാറ്റിക് നമ്പര്‍ പ്ലേറ്റ് (എ എന്‍ പി ആര്‍) കാമറകള്‍ ഉപയോഗിച്ച് ദേശീയപാതയിലുടെ സഞ്ചരിച്ച ദൂരത്തിന് മാത്രം തുക ഈടാക്കുന്ന സംവിധാനമാണ് നടപ്പിലാക്കുന്നത്. ടോള്‍പ്ലാസയില്‍ വെളിച്ചം ലഭിക്കുന്നതിനായി പാതയില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ ഇരുഭാഗത്തുമുള്ള 80 ലൈറ്റുകള്‍ക്ക് പുറമേ അടിപ്പാതകളിലും വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പാത ഒട്ടാകെ തെരുവ് വിളക്കുകള്‍ സ്ഥാപിച്ചിട്ടില്ല. ഇതു അവസാന ഘട്ടത്തില്‍ സ്ഥാപിക്കും.

പെരുമ്പാവൂരിലെ ഇ കെ കെ കംപനിയാണ് കരാറുകാര്‍, റോഡുകള്‍, അടിപ്പാതകള്‍, പെയിന്റിങ് മീഡിയന്‍ നിര്‍മാണം, ക്രഷ് ബാരിയര്‍ എന്നിവയെല്ലാം നിര്‍മിച്ച് കഴിഞ്ഞു. ഈസ്റ്റ് പള്ളൂരിലെ സിഗ്‌നല്‍ ലൈറ്റുകള്‍ കെല്‍ട്രോണ്‍ കംപനിയാണ് സ്ഥാപിച്ചത്. പ്രവൃത്തി മുഴുമിപ്പിക്കേണ്ട രണ്ടിടങ്ങളിലും മിഷനറി വര്‍കാണ് കൂടുതല്‍ മുഴപ്പിലങ്ങാട് ടോള്‍ ബൂതിന് സമീപത്തുനിന്നുമാരംഭിച്ച് മാഹി അഴിയൂര്‍ ഗവ. എച് എസ് എസ് സ്‌കൂള്‍ വരെ ദൂരത്തിലുള്ളതാണ് പാത. തലശ്ശേരി, മാഹി പട്ടണങ്ങളില്‍ മണിക്കുറുകള്‍ നീളുന്ന ഗതാഗത കുരുക്കില്‍ അകപ്പെടാതെ മുഴപ്പിലങ്ങാട് നിന്ന് അഴിയൂരില്‍ 20 മിനുട്ട് കൊണ്ടു വാഹനങ്ങള്‍ക്ക് എത്തിച്ചോരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മുഴപ്പിലങ്ങാട് - മാഹി ബൈപാസ് കേന്ദ്രസര്‍കാരിന്റെ സ്വപ്ന പദ്ധതിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി തന്നെ എത്താന്‍ സാധ്യതയേറെയാണ്.