അയോധ്യ അവധി പ്രഖ്യാപനം തുടരുന്നു, കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍പ്രദേശിലും പൊതുഅവധി

അയോധ്യ അവധി പ്രഖ്യാപനം തുടരുന്നു, കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍പ്രദേശിലും പൊതുഅവധി


ദില്ലി: അയോധ്യയിലെ  രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തിൽ അവധി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍പ്രദേശും. സംസ്ഥാനത്ത് നാളെ പൊതുഅവധിയായിരിക്കുമെന്നാണ് സർക്കാർ ഉത്തരവില്‍ അറിയിച്ചിരിക്കുന്നത്. രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ ഇത് ആദ്യമാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സര്‍ക്കാര്‍ അവധി പ്രഖ്യാപിക്കുന്നത്. ബിജെപിയുടെ രാഷ്ട്രീയ പരിപാടിയെന്ന് കോണ്‍ഗ്രസ് വിമര്‍ശനത്തിനിടെയാണ് അവധി പ്രഖ്യാപനം. അതേസമയം, ബിജെപി ഭരിക്കുന്ന 12 സംസ്ഥാനങ്ങളാണ് ഇതിനോടകം ജനുവരി 22 ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ചണ്ഡിഗഡ് ഭരണകൂടവും ബിജു ജനതാദൾ സർക്കാരുള്ള ഒഡീഷയും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

അതേസമയം, പ്രതിഷ്ഠ ദിനത്തിൽ പൊതുഅവധി നൽകിയ മഹാരാഷ്ട്രാ സർക്കാർ തീരുമാനത്തിനെതിരായ ഹർജി ബോംബെ ഹൈക്കോടതി തള്ളി. നാല് നിയമ വിദ്യാർഥികൾ നൽകിയ ഹ‍ർജിയാണ് അതിരൂക്ഷ വിമർശനത്തോടെ കോടതി തള്ളിയത്. ഹർജി രാഷ്ട്രീയ പ്രേരിതവും പ്രശസ്തിക്ക് വേണ്ടിയുള്ളതാണെന്നും കോടതി പറഞ്ഞു. നിയമ വിദ്യാർഥികൾ തന്നെ ഭാവനയിലെ ബാലിശമായ വാദങ്ങളുമായി എത്തുന്നത് ജുഡീഷ്യൽ ബോധത്തെ തന്നെ ഞെട്ടിക്കുന്നതാണെന്നും കോടതി പറഞ്ഞു. NI ആക്ട് 25 പ്രകാരം സംസ്ഥാന സർക്കാരുകൾക്ക് പൊതു അവധി പ്രഖ്യാപിക്കാൻ അധികാരമില്ലെന്നാണ് ഹ‍ർജിക്കാർ വാധിച്ചത്. മതപരമായ ആഘോഷങ്ങളല്ലാതെ ക്ഷേത്രം തുറക്കുന്നതിന് അവധി നൽകുന്നത് മതേതരത്വത്തിന് എതിരെന്നും വാദിച്ചു. എന്നാൽ 1968ലെ നോട്ടിഫിക്കേഷൻ പ്രകാരം സംസ്ഥാന സർക്കാരിനും അവധി നൽകാൻ അധികാരമുണ്ടെന്ന് എജി സർക്കാരിനായി വാദിച്ചു.  പ്രതിഷ്ഠാ ദിനത്തിലെ അവധി മതേതരത്വത്തെ ബാധിക്കില്ലെന്നും എജി പറഞ്ഞു.