അയോധ്യ പ്രാണപ്രതിഷ്ഠ; അവധി പ്രഖ്യാപിച്ച മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ ഹര്‍ജിയുമായി നിയമവിദ്യാര്‍ത്ഥികള്‍

അയോധ്യ പ്രാണപ്രതിഷ്ഠ; അവധി പ്രഖ്യാപിച്ച മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ ഹര്‍ജിയുമായി നിയമവിദ്യാര്‍ത്ഥികള്‍

അയോധ്യ പ്രാണപ്രതിഷ്ഠാ ദിവസം അവധി പ്രഖ്യാപിച്ച മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി. നാല് നിയമവിദ്യാര്‍ത്ഥികളാണ് സര്‍ക്കാര്‍ ജനുവരി 22ന് അവധി പ്രഖ്യാപിച്ചതിനെതിരെ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ തീരുമാനം മതേതരത്വത്തിനെതിരാണെന്നാണ് ഹര്‍ജിക്കാരുടെ ആരോപണം.എംഎന്‍എല്‍യു, ജിഎല്‍സി, നിര്‍മ്മ ലോ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ ജി എസ് കുല്‍ക്കര്‍ണി, നീലാ ഗോഖലെ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് ജനുവരി 21 ന് രാവിലെ 10.30 ന് ഹര്‍ജി പരിഗണിക്കും.

വെള്ളിയാഴ്ചയാണ് മഹാരാഷ്ട്രസര്‍ക്കാര്‍ ജനുവരി 22ന് പൊതുഅവധി പ്രഖ്യാപിച്ചത്. ഈ ദിവസം ഇന്ത്യന്‍ഓഹരി വിപണിയും ക്ലോസ് ചെയ്ത് കിടക്കുമെന്ന് അറിയിപ്പുണ്ടായിരുന്നു. രാം ലല്ല പ്രതിഷ്ഠാ ദിനമായതിനാലാണ് അവധിയെന്ന് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയെ തുടര്‍ന്ന് നിരവധി സംസ്ഥാനങ്ങള്‍ ജനുവരി 22ന് പൊതുഅവധി പ്രഖ്യാപിച്ചിരുന്നു.