വളപട്ടണം പുഴയിൽ വീണയാളെ കണ്ടെത്താനായില്ല; തിരച്ചിലിനിടെ മറ്റൊരു മൃതദേഹം കണ്ടെത്തി


വളപട്ടണം പുഴയിൽ വീണയാളെ കണ്ടെത്താനായില്ല; തിരച്ചിലിനിടെ മറ്റൊരു മൃതദേഹം കണ്ടെത്തി

പാപ്പിനിശ്ശേരി : കഴിഞ്ഞദിവസം ഉച്ചയോടെ വളപട്ടണം റെയിൽവേ പാലത്തിൽനിന്ന്‌ താഴെ വീണെന്ന് സംശയിക്കുന്നയാളെ കണ്ടെത്താനായില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് റെയിൽവേ പാലത്തിലൂടെ പാപ്പിനിശ്ശേരി ഭാഗത്തുനിന്ന്‌ വളപട്ടണം ഭാഗത്തേക്ക് പോകുകയായിരുന്ന യുവാക്കളിലൊരാൾ പുഴയിൽ വീണുവെന്നാണ് ദൃക്സാസാക്ഷികൾ പറഞ്ഞത്.

തുടർന്ന് വളപട്ടണം പോലീസും തീരദേശസേനയും വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. അതിനിടയിൽ ബുധനാഴ്ച ഉച്ചയോടെ മാട്ടൂൽ സൗത്തിൽ പുലിമുട്ടിൽ ഒരു അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞിരുന്നു. ഈ മൃതദേഹം വളപട്ടണം റെയിൽവേ പാലത്തിൽനിന്ന്‌ വീണയാളുടെതാണെന്ന് ആദ്യം സംശയിച്ചെങ്കിലും പിന്നീട് പോലീസിന്റെ ഭാഗത്തുനിന്ന്‌ സ്ഥിരീകരണമുണ്ടായില്ല. ദിവസങ്ങളുടെ പഴക്കമുള്ള, 40 വയസ്സോളം പ്രായമുള്ള പുരുഷന്റെതായിരുന്നു മൃതദേഹം. കാവിമുണ്ടും ചെക്ക് ഷർട്ടും ധരിച്ച നിലയിലായിരുന്നു. പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി ആ മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. അടുത്ത ദിവസങ്ങളിൽ കാണാതായ ആളുകളെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്.