മലയാളി കർഷകൻ കർണാടകയിൽ ആത്മഹത്യ ചെയ്തു. വയനാട് സുൽത്താൻ ബത്തേരി കയ്യൂന്നി സ്വദേശി രവികുമാർ ആണ് ആത്മഹത്യ ചെയ്തത്. 45 വയസ്സായിരുന്നു. ചാമരാജ് നഗർ ജില്ലയിൽ കുള്ളൂരിൽ സ്ഥലം പാട്ടത്തിനെടുത്ത് വാഴകൃഷി ചെയ്തു വരികയായിരുന്നു രവികുമാർ. 

കൃഷിയിലുണ്ടായ വില തകർച്ചയും അതിലൂടെ വന്ന സാമ്പത്തിക ബാധ്യതയും മൂലമാണ് ആത്മഹത്യ എന്നാണ് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നത്. ഇന്ന് രാവിലെ ജോലിക്കാരെത്തിയപ്പോൾ കൃഷിയിടത്തിലെ ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം ചാമരാജ് നഗർ സർക്കാർ ആശുപത്രിയിൽ പോസ്റ്റ്‍മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി. ഭാര്യ ലത, രണ്ട് മക്കൾ: രക്ഷിത, ദീക്ഷിത.