രൺജിത്ത് ശ്രീനിവാസൻ വധക്കേസ്; ശിക്ഷാ വിധി ഇന്ന്
ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഭിഭാഷകൻ രൺജിത്ത് ശ്രീനിവാസൻ വധക്കേസിലെ പ്രതികളുടെ ശിക്ഷാ വിധി ഇന്ന്. 15 പ്രതികളും കുറ്റക്കാരെന്ന് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. ഗൂഢാലോചനയിൽ എല്ലാ പ്രതികൾക്കും പങ്കുണ്ടെന്നും എട്ട് പേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തുവെന്നും കോടതി വ്യക്തമാക്കിയിരുന്നു.
2021 ഡിസംബർ 19-നായിരുന്നു രൺജിത്ത് ശ്രീനിവാസൻ കൊല്ലപ്പെട്ടത്. ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിൽ അതിക്രമിച്ച് കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുൻപിൽ വച്ച് ഭീകരർ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് ഘട്ടങ്ങളിലായി വൻ ഗൂഢാലോചനകൾക്ക് ശേഷമായിരുന്നു കൊല.
ആലപ്പുഴ ഡിവൈ.എസ്പി എൻ.ആർ ജയരാജ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ 1,000-ത്തോളം രേഖകളും 100-ലധികം തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കി. വിരലടയാളങ്ങൾ, ശാസ്ത്രീയ തെളിവുകൾ, സിസിടിവി ദൃശ്യങ്ങൾ, ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയ റൂട്ടുമാപ്പുകൾ തുടങ്ങിയ തെളിവുകളും കേസിൽ ഹാജരാക്കി.