അധിക സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല, ​പോലീസിനെ വഴിതെറ്റിക്കുന്നത് മുഖ്യമന്ത്രി: വിമര്‍ശിച്ച് ഗവര്‍ണര്‍


അധിക സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല, ​പോലീസിനെ വഴിതെറ്റിക്കുന്നത് മുഖ്യമന്ത്രി: വിമര്‍ശിച്ച് ഗവര്‍ണര്‍


തിരുവനന്തപുരം: കേരള പോലീസിനെ വീണ്ടും വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള പോലീസിനെ കുറിച്ച് നല്ല അഭിപ്രായമാണെന്നും എന്നാല്‍ മുഖ്യമന്ത്രിയായിരുന്നു നടുറോഡില്‍ ഇങ്ങനെ പ്രതിഷേധത്തെ നേരിട്ടതെങ്കില്‍ പോലീസ് ഇങ്ങനെയായിരുന്നോ പെരുമാറുകയെന്നും ഗവര്‍ണര്‍ ചോദിച്ചു. മസ്‌കറ്റ് ഹോട്ടലില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'കേരള പോലീസ് എന്നത് ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ച പോലീസ് സേനകളില്‍ ഒന്നാണ്. പക്ഷേ, അവരെ ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ല. കേരളാ പോലീസിനെ കുറിച്ച് മോശം അഭിപ്രായമില്ല. എന്നാല്‍ അവര്‍ക്കുമേല്‍ രാഷ്ട്രീയ സമ്മര്‍ദമുണ്ട്. മുഖ്യമന്ത്രിയുടെ യാത്രയില്‍ പോലീസിന്റെ നടപടി ഇതാണോ?- ഗവര്‍ണര്‍ ചോദിച്ചു. നിലമേലില്‍ 22 പേര്‍ ബാനറുമായി കൂടി നിന്നുവെന്നാണ് പോലീസ് എഫ്‌ഐആര്‍. 100 പോലീസുകാര്‍ അവിടെ ഉണ്ടായിട്ടും അവരെ തടഞ്ഞില്ല. മുഖ്യമന്ത്രിയായിരുന്നെങ്കില്‍ ഇത് സംഭവിക്കുമായിരുന്നോ? 72 വയസ് പ്രായം തനിക്ക് കഴിഞ്ഞു. ദേശീയ ശരാശരിയും കടന്ന് ബോണസ് ജീവിതമാണ് താന്‍ നയിക്കുന്നത്. സ്വാമി വിവേകാനന്ദനാണ് തന്റെ ആദര്‍ശപുരുഷന്‍. കേന്ദ്ര സുരക്ഷ താന്‍ ആവശ്യപ്പെട്ടതല്ല. അത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനമാണ്.

എന്റെ ജോലി കേന്ദ്രസര്‍ക്കാരിനെ സംസ്ഥാനത്തെ സാഹചര്യം അറിയിക്കലാണ്. എന്നാല്‍ രാജ്ഭവനാണ് താന്‍ റോഡരികില്‍ ഇരിക്കുന്ന കാര്യം കേന്ദ്രത്തെ അറിയിച്ചത്, താനല്ല. നിലമേലില്‍ തന്റെ കാറിന് നേരെ ആക്രമണം ഉണ്ടായിരുന്നു. അതിന് ശേഷമാണ് താന്‍ പുറത്തിറങ്ങിയത്. താന്‍ കാറില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് തിരുവനന്തപുരത്ത് പൊലീസ് നടപടിയെടുത്തത്. നിലമേലിലും അതാണ് സംഭവിച്ചത്. മുഖ്യമന്ത്രിയായിരുന്നെങ്കില്‍ പോലീസ് ഇങ്ങനെ ചെയ്യുമായിരുന്നോയെന്ന് ചോദിച്ച ഗവര്‍ണര്‍ ചിലര്‍ അധികാരം കയ്യില്‍ വരുമ്പോള്‍ അവരാണ് എല്ലാം എന്ന് കരുതുന്നുവെന്നും വിമര്‍ശിച്ചു.