അയോധ്യയിൽ ഇന്ന് പ്രാണ പ്രതിഷ്ഠാ ചടങ്ങ്

അയോധ്യയിൽ ഇന്ന് പ്രാണ പ്രതിഷ്ഠാ ചടങ്ങ്


ന്യൂഡല്‍ഹി | ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയില്‍ നിര്‍മിച്ച രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍, ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത്, വിശ്വഹിന്ദുപരിഷത്ത് നേതാക്കള്‍ തുടങ്ങി 7,000ത്തോളം പേര്‍ ചടങ്ങില്‍ പങ്കെടുക്കും.

രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ ഭാഗമായി അയോധ്യ നഗരം മുഴുവനും പുഷ്പങ്ങളാല്‍ അലങ്കരിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മറ്റ് വിശിഷ്ടാതിഥികളെയും സ്വാഗതം ചെയ്യുന്നതിന് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിക്കഴിഞ്ഞതായി ഉത്തര്‍പ്രദേശ് പോലീസും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും വ്യക്തമാക്കി.

സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി 10,000 സി സി ടി വി ക്യാമറകളാണ് ക്ഷേത്രത്തിനുള്ളിലും പുറത്തുമായി സ്ഥാപിച്ചിരിക്കുന്നത്. ഏഴ് കമ്പനി സി ആര്‍ പി എഫിനെ വിന്യസിച്ചു. രണ്ട് ഡ്രോണ്‍വിരുദ്ധ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. 25 വി ആര്‍ കാറുകള്‍, 10 സഞ്ചരിക്കുന്ന ജാമറുകള്‍, ആറ് സഞ്ചരിക്കുന്ന ബാഗേജ് സ്‌കാനറുകള്‍ തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്.
17 പോലീസ് സൂപ്രണ്ടുമാര്‍, 24 അസിസ്റ്റന്റ് സൂപ്രണ്ടുമാര്‍, 44 അഡീഷനല്‍ സൂപ്രണ്ടുമാര്‍, 140 ഡെപ്യൂട്ടി അഡീഷനല്‍ സൂപ്രണ്ടുമാര്‍, 208 ഇന്‍സ്‌പെക്ടര്‍മാര്‍, 1196 സബ് ഇന്‍സ്‌പെക്ടര്‍മാര്‍, 83 അസി. സബ് ഇന്‍സ്‌പെക്ടര്‍മാര്‍, 4,350 പോലീസ് ഉദ്യോഗസ്ഥര്‍, 590 കോണ്‍സ്റ്റബിള്‍മാര്‍ 16 ട്രാഫിക് ഇന്‍സ്‌പെക്ടര്‍മാര്‍, 26 പി എ സി കമ്പനി തുടങ്ങിവരെ അയോധ്യയിലെ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ടെന്ന് യു പി പോലീസ് അറിയിച്ചു.

പ്രദേശത്തെത്തുന്നവര്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പാലിക്കേണ്ട നിര്‍ദേശങ്ങള്‍ പോലീസ് പുറപ്പെടുവിച്ചു. സുരക്ഷയുടെ ഭാഗമായി പോലീസും അര്‍ധസൈനിക വിഭാഗങ്ങളും നഗരത്തില്‍ ഫ്‌ളാഗ് മാര്‍ച്ച് നടത്തി. ഇന്തോ- നേപ്പാള്‍ അതിര്‍ത്തിയിലും സുരക്ഷ ശക്തമാക്കി. സുരക്ഷാ നടപടികള്‍ ഏകീകരിക്കുന്നതിനായി ഏകീകൃത കമാന്‍ഡിംഗ് സംവിധാനം തയ്യാറാക്കിയിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി എന്‍ ഡി ആര്‍ എഫ്, എസ് ഡി ആര്‍ എഫ്, സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്, ആന്റി ടെററിസം സ്‌ക്വാഡ്, ഇന്റലിജന്‍സ് വിഭാഗങ്ങള്‍ തുടങ്ങിയവയെയും വിന്യസിച്ചു. അയോധ്യയില്‍ മാത്രമല്ല, സമീപ ജില്ലകളിലും വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റേഷനുകളിലും സുരക്ഷാ, നിരീക്ഷണ സംവിധാനങ്ങളുണ്ട്.

വിഗ്രഹത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകള്‍ ഇന്ന് ഉച്ചക്ക് 12.20 ന് ആരംഭിച്ച് ഒരു മണി വരെ തുടരും. ഒരാഴ്ച മുമ്പ് ജനുവരി 16ന് ചടങ്ങുകളുടെ പ്രാരംഭ ഘട്ടം ആരംഭിച്ചിരുന്നു. പ്രാണപ്രതിഷ്ഠാ ചടങ്ങിനായുള്ള രാംലല്ല വിഗ്രഹം കഴിഞ്ഞ ദിവസമാണ് ക്ഷേത്രത്തിലെത്തിച്ചത്.

ചടങ്ങ് ബി ജെ പിയും ആര്‍ എസ് എസും ചേര്‍ന്ന് രാഷ്ട്രീയ വത്കരിക്കുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള ‘ഇന്ത്യ’ മുന്നണി ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.