കേന്ദ്രം പിന്മാറി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് പുതിയ പ്രീമെട്രിക് സ്കോളർഷിപ് പദ്ധതി; ബജറ്റിൽ പ്രഖ്യാപനം; 'മാർഗദീപം' പ്രയോജനം 1 മുതൽ 8 വരെ ക്ലാസിലെ കുട്ടികൾക്ക്

കേന്ദ്രം പിന്മാറി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് പുതിയ പ്രീമെട്രിക് സ്കോളർഷിപ് പദ്ധതി; ബജറ്റിൽ പ്രഖ്യാപനം; 'മാർഗദീപം' പ്രയോജനം 1 മുതൽ 8 വരെ ക്ലാസിലെ കുട്ടികൾക്ക്


തിരുവനന്തപുരം:  ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർഥികൾക്ക് സ്കോളർഷിപ് നൽകുന്നതിൽ നിന്ന് കേന്ദ്ര സർകാർ പിന്മാറിയ സാഹചര്യത്തിൽ, ഇത്തരം വിദ്യാർഥികൾക്ക് സ്കോളർഷിപ് നൽകുന്നതിനായി 'മാർഗദീപം' എന്ന പേരിൽ ഒരു പുതിയ പ്രീമെട്രിക് സ്കോളർഷിപ് പദ്ധതി നടപ്പാക്കുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. ഇതിനായി 20 കോടി രൂപ വകയിരുത്തി.ന്യൂനപക്ഷക്ഷേമത്തിനായി 73.63 കോടി രൂപ ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്. മികച്ച സാമൂഹിക സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നതിനായി ന്യൂനപക്ഷ കേന്ദ്രീകൃത ബ്ലോകുകളിൽ നടപ്പിലാക്കുന്ന 'പി എം ജൻവികാസ് കാര്യക്രം' പദ്ധതിയുടെ സംസ്ഥാന വിഹിതമായി 16 കോടി രൂപയും മാറ്റിവെച്ചു. വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ് പദ്ധതിക്കായി 9.61 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

ന്യൂനപക്ഷക്കാർക്കായുള്ള വിവിധ നൈപുണ്യ വികസന പദ്ധതികൾക്കും തൊഴിലധിഷ്ഠിത പദ്ധതികൾക്കുമായി 7.02 കോടി രൂപ നീക്കിവെച്ചു. ഹജ്ജ് തീർഥാടനവുമായി ബന്ധപ്പെട്ട് കണ്ണൂർ വിമാനത്താവളത്തിൽ സൗകര്യങ്ങൾ ഒരുക്കുന്നതിനായി ഒരു കോടി രൂപയും ന്യൂനപക്ഷക്കാർക്കായുള്ള വിവിധ നൈപുണ്യ വികസന പദ്ധതികൾക്കും തൊഴിലധിഷ്ഠിത പദ്ധതികൾക്കുമായി 7.02 കോടി രൂപയും വകയിരുത്തി.

സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനുള്ള ഓഹരി മൂലധനമായി 10 കോടി രൂപ നീക്കിവെച്ചു. വിവാഹബന്ധം വേർപെടുത്തിയവരോ, വിധവകളോ, ഭർത്താവ് ഉപേക്ഷിച്ചവരോ ആയ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് സഹായം നൽകുന്നതിനായി ആരംഭിച്ച പുതിയ പദ്ധതിക്ക് അഞ്ച് കോടി രൂപയും നീക്കിവെച്ചു.