ലൗ ജിഹാദെന്ന് ആരോപണം, പനമ്പൂർ ബീച്ചിൽ മലയാളി യുവാവിനും വനിതാ സുഹൃത്തിനും നേരെ ആക്രമണം; 4 പേർ കസ്റ്റഡിയിൽ


ലൗ ജിഹാദെന്ന് ആരോപണം, പനമ്പൂർ ബീച്ചിൽ മലയാളി യുവാവിനും വനിതാ സുഹൃത്തിനും നേരെ ആക്രമണം; 4 പേർ കസ്റ്റഡിയിൽ

ബെം​ഗളൂരു: മംഗലാപുരത്ത് വീണ്ടും സദാചാരപ്പൊലീസ് ചമഞ്ഞ് ആക്രമണം. ബെംഗളുരു സ്വദേശിയായ പെൺകുട്ടിക്കും മലയാളി യുവാവിനും നേരെയാണ് തീവ്രഹിന്ദുസംഘടനാപ്രവർത്തകരുടെ ആക്രമണമുണ്ടായത്. ആക്രമണം നടത്തിയ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.  മംഗലാപുരത്തെ പനമ്പൂർ ബീച്ചിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ആളുകൾ ബീച്ചിലിരിക്കുകയായിരുന്ന പെൺകുട്ടിയെയും യുവാവിനെയും കാവി ഷാളിട്ട ഒരു സംഘം ആക്രമിക്കുകയായിരുന്നു. യുവാവ് മുസ്ലിമാണെന്നും ലൗ ജിഹാദാണെന്നും ആരോപിച്ചായിരുന്നു ആക്രമണം.

ഇരുവരുടെയും ദൃശ്യങ്ങൾ പകർത്തിയ അക്രമികൾ യുവാവിനെയും യുവതിയെയും കയ്യേറ്റം ചെയ്യുകയും ചെയ്തു. സംഭവത്തിൽ ഇടപെട്ട പൊലീസ് നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബൻത്‍വാല സ്വദേശി പ്രശാന്ത് ഭണ്ഡാരി, ബെൽത്തങ്കടി സ്വദേശികളായ ഉമേഷ്, സുധീർ, കീർത്തൻ പൂജാരി എന്നിവരാണ് പൊലീസ് പിടിയിലായത്. ഇതിൽ മൂന്ന് പേർ രാമസേന എന്ന തീവ്രഹിന്ദു സംഘടനയിലെ അംഗങ്ങളാണ്. സംഭവത്തെത്തുടർന്ന് പനമ്പൂ‍ർ ബീച്ചിൽ പൊലീസ് സുരക്ഷ കർശനമാക്കിയിട്ടുണ്ട്.