കുതിച്ചുയർന്ന് വെളുത്തുള്ളി വില; കിലോ 400 കടന്നു

കുതിച്ചുയർന്ന് വെളുത്തുള്ളി വില; കിലോ 400 കടന്നു




തിരുവനന്തപുരം: വെളുത്തുള്ളി വില കുതിക്കുന്നു. തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ ഇന്നലെ വെളുത്തുള്ളിയുടെ ചില്ലറവില്‍പ്പന വില കിലോയ്‌ക്ക് 450 രൂപയായി. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 50 രൂപയോളം മാത്രം വിലയുണ്ടായിരുന്ന വെളുത്തുള്ളി ആണ് ഇപ്പോൾ 500 നടുത്ത് എത്തിനിൽക്കുന്നത്.

ഒരു മാസം മുന്‍പ് 300-350 രൂപ ഉണ്ടായിരുന്ന വെളുത്തുള്ളി വിലയാണ് ദിവസങ്ങള്‍ക്കകം 100-150 രൂപ വരെ വര്‍ധിച്ചത്. രണ്ടാഴ്ചയ്‌ക്കുള്ളിലാണ് ഇത്രയധികം വില ഉയര്‍ന്നതെന്നും ഇത്രയും വില ഉയരുന്നത് ആദ്യമാണെന്നും വ്യാപാരികള്‍ പറയുന്നു.

കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഈ സംസ്ഥാനങ്ങളില്‍ വെളുത്തുള്ളി ഉല്‍പാദനം ഗണ്യമായി കുറഞ്ഞതാണ് വില ഉയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. തമിഴ്നാട്, മഹാരാഷ്‌ട്ര, മധ്യപ്രദേശ്, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലാണ് വെളുത്തുള്ളി കൂടുതലായി കൃഷി ചെയ്തുവരുന്നത്.