തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനും എൽഡിഎഫ് സർക്കാരും തമ്മിലുള്ള പോര് തുടരുമ്പോഴും ബജറ്റിൽ രാജ്ഭവനുള്ള വകയിരുത്തൽ കൂട്ടി. രാജ്ഭവന്റെ ബജറ്റ് എസ്റ്റിമേറ്റ് 2024-25 ലേക്ക് വകയിരുത്തിയിരിക്കുന്നത് 12.95 കോടി രൂപയാണ്. 2023-24 ൽ രാജ്ഭവന്റെ ബജറ്റ് എസ്റ്റ്‌മേറ്റ് 12.52 കോടിയാണ്. അതായത് കഴിഞ്ഞ തവണത്തേക്കാൾ 43 ലക്ഷം രൂപയാണ് ബജറ്റ് എസ്റ്റിമേറ്റിൽ അധികമായി ഉൾപ്പെടുത്തിയിരിക്കുന്നത്.


വീട്ടു ചിലവുകൾ,യാത്ര, വൈദ്യസഹായം,ശമ്പളം എന്നിവയിലാണ് തുക കൂടുതലായി നൽകിയിരിക്കുന്നത്. ഗവർണറുടെ ശമ്പളമായി 42 ലക്ഷം രൂപയാണ് ബജറ്റ് എസ്റ്റിമേറ്റ്. ഇതിന് പുറമേ 25 ലക്ഷം ഗവർണർക്ക് സ്വന്തം നിലയിലും ചിലവഴിക്കാം. വൈദ്യ സഹായം 50.62 ലക്ഷം, വിനോദം രണ്ട് ലക്ഷം, വീട്ടു ചിലവ് 4.21 കോടി രൂപ, കരാർ ചിലവ് 10 ലക്ഷം,യാത്ര 13 ലക്ഷം, രാജ്ഭവൻ സെക്രട്ടറിയേറ്റ് 7.31 കോടി എന്നിങ്ങനെയാണ് മറ്റ് ചിലവുകൾക്കായി നീക്കി വെച്ചിരിക്കുന്നത്