കസ്റ്റംസിനെ വെട്ടിച്ചു, പുറത്തിറങ്ങിയതും അനസിനെ കരിപ്പൂർ പൊലീസ് പൊക്കി; ക്യാപ്സൂളാക്കി 847 ഗ്രാം സ്വർണം!


കസ്റ്റംസിനെ വെട്ടിച്ചു, പുറത്തിറങ്ങിയതും അനസിനെ കരിപ്പൂർ പൊലീസ് പൊക്കി; ക്യാപ്സൂളാക്കി 847 ഗ്രാം സ്വർണം!


കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട. കസ്റ്റംസിനെ വെട്ടിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ച യുവാവിനെ പൊലീസ് പൊക്കി. വടകര സ്വദേശി അനസിനെയാണ് കരിപ്പൂർ പൊലീസ് പിടികൂടിയത്. ഇയാളുടെ കൈയ്യിൽ നിന്നും 54 ലക്ഷം രൂപയുടെ സ്വർണ്ണമാണ് പൊലീസ് പിടിച്ചെടുത്തത്. 

വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനക്ക് ശേഷം പുറത്തിറങ്ങിയ യാത്രക്കാരനിൽ നിന്നുമാണ് 847ഗ്രാം സ്വർണ്ണം പൊലീസ് പിടികൂടിയത്. ക്യാപ്സൂൾ രൂപത്തിലാണ് അനസ് സ്വർണ്ണം കടത്തി കോഴിക്കോട്ടെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതിയെ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കാത്തു നിന്ന പൊലീസ് കൈയ്യോടെ പൊക്കുകയായിരുന്നു.  സ്വർണം സ്വീകരിക്കാൻ എത്തിയ നാദാപുരം സ്വദേശി സാലിഹിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. 

അനസിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ആരാണ് സ്വർണ്ണം കൊടുത്തുവിട്ടതെന്നും ആർക്കുവേണ്ടിയാണ് കടത്തയതെന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്. നാദാപുരം സ്വദേശിയെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വർണ്ണക്കടത്ത് പെരുകിയതോടെ പൊലീസും കനത്ത പരിശോധനയാണ് നടത്തുന്നത്.