ആനയെ ഇന്ന് മയക്കുവെടി വെക്കില്ല; കാടിറങ്ങി ദൗത്യസംഘം, പ്രതിഷേധവുമായി നാട്ടുകാര്‍

ആനയെ ഇന്ന് മയക്കുവെടി വെക്കില്ല; കാടിറങ്ങി ദൗത്യസംഘം, പ്രതിഷേധവുമായി നാട്ടുകാര്‍
കല്‍പ്പറ്റ: വയനാട്ടിലിറങ്ങിയ ആളെക്കൊല്ലി മോഴയാന ബേലൂര്‍ മഖ്നയെ മയക്കുവെടിക്കാനുള്ള ഇന്നത്തെ ദൗത്യം ഉപേക്ഷിച്ചു. ആന കര്‍ണാടക അതിര്‍ത്തിയിലെ കൊടുങ്കാട്ടിലേക്ക് പോയതിനെ തുടര്‍ന്നാണ് ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചത്.

ബാബലിപുഴയുടെ പരിസരത്തുവച്ച് ദൗത്യസംഘത്തിന് ആനയുമായുള്ള ട്രാക്കിങ് നഷ്ടമായിരുന്നു. ആനയെ വെടിവെക്കാന്‍ വെറ്ററിനറി സംഘം ഉള്‍പ്പടെ എല്ലാ സംവിധാനങ്ങളും ഒരുക്കിയിരുന്നു.

ഇന്ന് ഇനിയും ദൗത്യം തുടരുന്നത് ദുഷ്കരമാണ് എന്നാണ് ദൗത്യസംഘത്തിന്റെ വിലയിരുത്തൽ. ട്രാക്കിം​ഗ് തടസ്സപ്പെട്ടത് പ്രതിസന്ധിയായി എന്നാണ് ലഭിക്കുന്ന വിവരം.

ദൗത്യം താത്കാലികമായി ഉപേക്ഷിച്ചതിന് പിന്നാലെ വനം വകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.

മയക്കുവെടി വെച്ചാലുടന്‍ ആനയെ വളയുന്നതിനായി നാലു കുങ്കിയാനകളെയും കാടിനുള്ളില്‍ എത്തിച്ചിരുന്നു.