കോഴിക്കോട്: ഗോഡ്സെ അനുകൂല ഫേസ്ബുക് കമന്റിട്ട എൻഐടി പ്രൊഫസർ ഷൈജ ആണ്ടവനെതിരെ കേസ്. എസ്എഫ്‌ഐ ഏരിയ സെക്രട്ടറി നൽകിയ പരാതിയിൽ കുന്ദമംഗലം പൊലീസാണ് കേസെടുത്തത്. ഷൈജക്കെതിരെ എംകെ രാഘവൻ എംപി എൻഐടി ഡയറക്ടർക്ക് പരാതി നൽകിയിരുന്നു. വിദ്വേഷ പരാമർശത്തിൽ അധ്യാപികക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് എംകെ രാഘവന്റെ ആവശ്യം. ഷൈജ ആണ്ടവന്റെ പോസ്റ്റിനെതിരെ കെഎസ്‌യു കോഴിക്കോട് നടക്കാവ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്. എംഎസ്എഫും ഷൈജക്കെതിരെ കേസ് നൽകി. അധ്യാപികക്കെതിരെ നിയമനടപടി സ്വീകരിക്കപ്പെട്ടിട്ടില്ലെങ്കിൽ പ്രതിഷേധത്തിനിറങ്ങാനായിരുന്നു വിദ്യാർഥി സംഘടനകളുടെ തീരുമാനം.

ഗാന്ധിജി കൊല്ലപ്പെട്ട ജനുവരി 30ന് അഭിഭാഷകനായ കൃഷ്ണ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് പ്രൊഫസർ ഗാന്ധിയെ അപഹസിച്ച് കമൻറ് എഴുതിയത്. 'പ്രൗഡ് ഓഫ് ഗോഡ്സെ ഫോർ സേവിംഗ് ഇന്ത്യ' (ഇന്ത്യയെ രക്ഷിച്ചതിന് ഗോഡ്സെയിൽ ഞാൻ അഭിമാനം കൊള്ളുന്നു')വെന്നായിരുന്നു കമൻറ്. 'ഹിന്ദു മഹാസഭാ പ്രവർത്തകൻ നഥൂറാം വിനായക് ഗോഡ്‌സെ. ഭാരതത്തിലെ ഒരുപാട് പേരുടെ ഹീറോ' എന്നായിരുന്നു കൃഷ്ണ രാജിന്റെ പോസ്റ്റ്.