ഇരിക്കൂർ: കണ്ണൂർ ഇരിക്കൂറിൽ കുടുംബത്തിന് നേരെ ആക്രമണം. തട്ടുപറമ്പിൽ സ്വദേശി ശങ്കരനെയും കുടുംബത്തെയുമാണ് അക്രമി വീട്ടിൽക്കയറി സർജിക്കൽ ബ്ലേഡ് കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചത്. പ്രതി കണ്ണാടിപ്പറമ്പ് സ്വദേശി ഷർഷാദിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. പുലർച്ചെ രണ്ടരയോടെയാണ് ശങ്കരന്റെ വീട്ടിലേക്ക് പ്രതിയായ ഷർഷാദ് എത്തുന്നത്.

ആദ്യം വീടിൻ്റെ ജനൽ ഗ്ലാസുകൾ ഇയാൾ അടിച്ചു തകർത്തു. ശേഷം വീടിനുള്ളിലേക്ക് പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചു. ശബ്ദം കേട്ട് ഗൃഹനാഥനായ ശങ്കരൻ പുറത്തിറങ്ങി. തീ കത്തിക്കുന്നത് തടയാൻ ശ്രമിച്ചപ്പോൾ ഷർഷാദ് ശങ്കരൻ്റ കൈയ്യിൽ സർജിക്കൽ കത്തികൊണ്ട് വെട്ടി. അച്ഛൻ്റെ ഉച്ചത്തിലുള്ള നിലവിളി കേട്ട് കിടപ്പുമുറിയിൽ നിന്നും ഓടിയെത്തിയ മകൻ ശശികുമാറിൻ്റെ കഴുത്തിനും പലവട്ടം വെട്ടി.

ശങ്കരന്റെ ഭാര്യ സവിതയ്ക്ക് നേരെയും ആക്രമണം ഉണ്ടായി. പ്രാണരക്ഷാർത്ഥം മൂവരും അയൽവാസിയായ മുജീബിൻ്റെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ആക്രമണത്തിനുശേഷം പ്രതി സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു.ആക്രമണത്തിന് പിന്നിൽ മുൻ വൈരാഗ്യമെന്നാണ് പൊലീസ് പറയുന്നത്. ഷർഷാദിനെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. പരിക്കേറ്റ ശങ്കരനും കുടുംബവും പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.