'വിമാന നിരക്കിലും മൃതദേഹം ചെലവില്ലാതെ എത്തിക്കുന്നതിലും തീരുമാനമുണ്ടായില്ല'; ബജറ്റിൽ നിരാശയോടെ പ്രവാസികൾ


'വിമാന നിരക്കിലും മൃതദേഹം ചെലവില്ലാതെ എത്തിക്കുന്നതിലും തീരുമാനമുണ്ടായില്ല'; ബജറ്റിൽ നിരാശയോടെ പ്രവാസികൾ


തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ഇടക്കാല ബജറ്റിൽ നിരാശയറിയിച്ച് പ്രവാസി സംഘടനകൾ. വിമാന യാത്രാ പ്രശ്നം പരിഹരിക്കുന്നതോ ക്ഷേമം ഉറപ്പാക്കുന്നതോ ആയ ഒന്നും ബജറ്റിലില്ലെന്ന് പ്രവാസി സംഘടനാ പ്രതിനിധികൾ വിമർശിച്ചു. അതേസമയം, വ്യോമയാന രംഗത്തിനും സ്റ്റാർട്ട് അപ്പുകൾക്കുമുള്ള പരിഗണന ഭാവിയിൽ ഗുണം ചെയ്യുമെന്നാണ് പ്രവാസി വ്യവസായികളുടെ പ്രതികരണം.

സീസണിൽ കുത്തനെ കുതിക്കുന്ന വിമാന നിരക്ക്, ആവശ്യത്തിന് യാത്രാ സൗകര്യങ്ങളില്ലായ്മ, പ്രവാസി വോട്ട്, താഴ്ന്ന വരുമാനമുള്ള പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുന്ന പദ്ധതികൾ, ചികിത്സാ സൗകര്യങ്ങൾ ഇങ്ങനെ പ്രവാസികളുടെ ആവശ്യങ്ങൾ ഏറെയായിരുന്നു. വിദേശത്ത് വച്ച് മരിക്കുന്ന പ്രവാസികളുടെ മൃതദേഹം ചെലവില്ലാതെ, വേഗത്തിൽ നാട്ടില്ലെത്തിക്കാനുള്ള സംവിധാനം കാലങ്ങളായുള്ള ആവശ്യമാണ്. പക്ഷെ, ഇടക്കാല ബജറ്റ് ഇതിലൊന്നും തൊട്ടില്ലെന്നാണ് വിമർശനം. 

പുതിയ വിമാനത്താവളങ്ങൾ, ആയിരം പുതിയ വിമാനങ്ങൾ, 570 പുതിയ റൂട്ടുകൾ. ഇവയാണ് പ്രവാസികളെ പരോക്ഷമായെങ്കിലും പരാമർശിക്കുന്ന പ്രഖ്യാപനങ്ങൾ. വ്യോമയാന - റെയിൽ കണക്റ്റിവിറ്റി ശക്തമാക്കുന്നതു ഭാവിയിൽ ഗുണം ചെയ്യുമെന്നാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ പ്രതികരണം. സ്റ്റാർട്ടപ്പുകൾക്കുള്ള വിഹിതത്തിലും പ്രവാസി വ്യവസായികൾ പ്രതീക്ഷ രേഖപ്പെടുത്തി. തെരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാർ അവതരിപ്പിക്കുന്ന സമ്പൂർണ്ണ ബജറ്റിലാണ് ഇനി പ്രവാസികളുടെ പ്രതീക്ഷ.