കണ്ണൂര്‍ വിമാനത്താവളത്തോടുള്ള കേന്ദ്ര അവഗണന: പ്രവാസി സംഘം പ്രതിഷേധ സദസ്സ് നാളെ കണ്ണൂരിൽ

കണ്ണൂര്‍ വിമാനത്താവളത്തോടുള്ള കേന്ദ്ര അവഗണന: പ്രവാസി സംഘം പ്രതിഷേധ സദസ്സ് നാളെ കണ്ണൂരിൽഉത്തര മലബാറിന്റെ വികസന സ്വപ്നങ്ങള്‍ക്ക് ചിറകേകിയ കണ്ണൂർ വിമാനത്താവളത്തിനോട് കേന്ദ്ര സർക്കാർ കാണി ക്കുന്ന അവഗണന അവസാനിപ്പിക്കുക, വിദേശ വിമാനങ്ങള്‍ ഇറങ്ങാനുള്ള പോയിന്റ് ഓഫ് കോള്‍ അനുവദിക്കുക,പ്രവാസികളോടുള്ള കേന്ദ്ര സർക്കാർ അവഗണന അവസാനിപ്പക്കുക, പ്രവാസി ക്ഷേമത്തിന് കേന്ദ്ര വിഹിതം അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച്‌ കേരള പ്രവാസി സംഘം തിങ്കളാഴ്ച (12-2-24) രാവിലെ 10ന് പ്രതിഷേധ സദസ്സ് സംഘടിപ്പിക്കും.

കണ്ണൂർ ടൗണ്‍ സ്ക്വയറില്‍ നടത്തുന്ന പ്രതിഷേധ സദസ്സ് എല്‍ഡിഎഫ് കണ്‍വീനർ ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. കേരള പ്രവാസി സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ വി അബ്ദുള്‍ഖാദർ, ജില്ലാ സെക്രട്ടറി പ്രശാന്ത് കുട്ടാമ്പള്ളി, ജില്ലാ പ്രസിഡൻ്റ് ഇ.എം.പി അബൂബക്കർ തുടങ്ങിയവർ സംസാരിക്കും. രാവിലെ 9.30 ന് കാല്‍ട്ക്സ് കേന്ദ്രീകരിച്ച്‌ പ്രകടനം ആരംഭിക്കും.

മട്ടന്നൂര്‍ മൂർഖൻപറമ്ബില്‍ വിമാനത്താവളമോയെന്ന് പരിഹസിച്ചവര്‍ക്ക് മുന്നില്‍ സംസ്ഥാനത്തെ വലിയ വിമാനത്താവളം ഇന്ന് തലയെടുപ്പോടെ നില്‍ക്കുന്നു. രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ ആദ്യ 15ല്‍ കണ്ണൂരുണ്ട്. കണ്ണൂർ വിമാനത്താവളം വഴി ഇതുവരെ യാത്രചെയ്തത് ഏകദേശം 53 ലക്ഷം പേരാണ്. ഉദ്ഘാടനം ചെയ്ത് പത്ത് മാസത്തിനുള്ളില്‍തന്നെ യാത്രക്കാരുടെ എണ്ണം 10 ലക്ഷമായിരുന്നു. എന്നാല്‍ വിദേശ വിമാനങ്ങളിറങ്ങാനുള്ള പോയിന്റ് ഓഫ് കോള്‍ അനുമതി നല്‍കാതെ കേന്ദ്രം കാണിക്കുന്ന അവഗണന വിമാനത്താവള വികസനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. വിമാനത്താവളം സ്ഥിതിചെയ്യുന്നത് ഗ്രാമപ്രദേശത്താണെന്നും കേരളത്തില്‍ ഇതിനോടകം തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ വിമാനത്താവളങ്ങള്‍ക്ക് പോയിന്റ് ഓഫ് കോള്‍ പദവിയുണ്ടെന്നുമുള്ള വിചിത്ര വാദമാണ് കേന്ദ്രമുന്നയിക്കുന്നത്.

സംസ്ഥാന സർക്കാരും കിയാലും കേന്ദ്രത്തിന് മുന്നില്‍ നിരന്തരം എത്താറുണ്ടെങ്കിലും അനുഭാവപൂർണമായ ഒരുനടപടിയും ഉണ്ടായില്ല. വിമാനത്താവളത്തിന്റെ തുടക്കം മുതല്‍ എമിറേറ്റ്സ്, ശ്രീലങ്കൻ എയർലൈൻസ്, മലിൻഡോ എയർ, സില്‍ക്ക് എയർ‌ തുടങ്ങി ഒട്ടേറെ വിദേശ വിമാനകമ്ബനികള്‍ കണ്ണൂരില്‍ നിന്ന് സർവീസ് നടത്താൻ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഭൂമി അക്വയർ ചെയ്താല്‍ അനുമതി നല്‍കാമെന്നായിരുന്നു കേന്ദ്രം ആദ്യം പറഞ്ഞത്.

ആവശ്യപ്പെട്ടതിലേറെ ഭൂമി സംസ്ഥാന സര്‍ക്കാര്‍ എറ്റെടുത്തു നല്‍കി. എന്നിട്ടും അനുമതി നല്‍കാന്‍ കേന്ദ്രം തയ്യാറാകുന്നില്ല. ഈ അനുമതികൂടി ലഭിച്ചാല്‍ കണ്ണൂർ വിമാനത്താവളം ഉടൻ ലാഭകരമാകും. കണ്ണൂരിന് ഇന്ത്യന്‍ വിമാനകമ്ബനികളെ മാത്രം ആശ്രയിച്ച്‌ പുരോഗതി കൈവരിക്കാന്‍ കഴിയില്ല. കോവിഡ് കാലത്ത് യാത്രക്കാരെ എത്തിക്കുന്നതിന് വൈ‍ഡ് ബോഡി വിമാനസർവീസ് നടത്തിയിരുന്നു. വൈഡ് ബോഡി വിമാനങ്ങള്‍ക്ക് സുഗമമായി സര്‍വീസ് നടത്താനാകുന്ന വിധത്തില്‍ 3050 മീറ്റര്‍ റണ്‍വേ സൗകര്യം കണ്ണൂരിലുണ്ട്. 97,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ടെര്‍മിനല്‍ ഏരിയയില്‍ ഒരുമണിക്കൂറില്‍ 2,000 യാത്രക്കാരെ ഉള്‍ക്കൊള്ളാനാകും. കോവിഡ് പ്രതിസന്ധി രൂക്ഷമായ കാലത്ത് ഇത് തെളിയിച്ചതുമാണ്.

വിമാനത്താവളത്തില്‍ കഴിഞ്ഞവര്‍ഷം ഹജ് എംബാര്‍ക്കേഷന്‍ പോയിന്റ് ആരംഭിച്ചത് പ്രധാന നാഴിക കല്ലായി. തീർഥാടനമാസം തുടർച്ചയായി വലിയ വിമാനങ്ങള്‍ സർവീസ് നടത്തിയതോടെ കണ്ണൂർ വിമാനത്താവളം പൂർണതോതില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് സജ്ജമായിക്കഴിഞ്ഞു. കേന്ദ്ര അവഗണന തുടരുമ്ബോഴും പ്രതിസന്ധികള്‍ മറികടക്കാനുള്ള ശ്രമത്തിലാണിന്ന് കിയാല്‍. കൂടുതല്‍ വിമാനങ്ങള്‍ക്കും പുതിയ റൂട്ടുകള്‍ക്കുമായി വിവിധ വിമാനക്കമ്ബനികളുമായി കിയാല്‍ നിരന്തരം ചര്‍ച്ച നടത്തുണ്ട്. കേന്ദ്ര സർക്കാർ കണ്ണർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവി അനുവദിക്കണമെന്നാണ് കേരള പ്രവാസി സംഘം ആവിശ്യപ്പെടുന്നത്.

എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ്, ഇൻഡിഗോ, ഗോഫസ്റ്റ് വിമാന കമ്ബനികള്‍ എട്ട് ഇന്ത്യൻ നഗരങ്ങളിലേക്കും 11 ഗള്‍ഫ് രാജ്യങ്ങളിലേക്കും സർവീസ് നടത്തിയിരുന്നെങ്കിലും ഗോഫസ്റ്റ് സർവീസുകളും എയർ ഇന്ത്യാ സർവീസുകളും ഇപ്പോഴില്ല. നിലവില്‍ ഇൻഡിഗോയും എയർ ഇന്ത്യാ എക്സ്പ്രസും മാത്രമാണ് സർവീസ് നടത്തുന്നത്. തിരുവനന്തപുരം, കൊച്ചി, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ തുടങ്ങിയ നഗരങ്ങളിലേക്കാണ് കണ്ണൂരില്‍ നിന്ന് ആഭ്യന്തര സര്‍വീസുള്ളത്. ദുബായ്, ഷാർജ, ബഹ്റൈൻ, ദോഹ, കുവൈത്ത്, മസ്കത്ത്, അബുദാബി, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്കാണ് രാജ്യാന്തര സര്‍വീസ്. എയർ ഇന്ത്യാ എക്‌സ്പ്രസ് എയർ ഏഷ്യയുമായി ലയിക്കുകയും കൂടുതല്‍ വിമാനങ്ങള്‍ വാങ്ങുകയും ചെയ്യുന്നത് കണ്ണൂരിനും പ്രതീക്ഷ പകരുന്നുണ്ട്. ചരക്ക് നീക്കം ലക്ഷ്യമിട്ട് വിമാനത്താവളത്തില്‍ ഏഴായിരം ചതുരശ്രമീറ്റർ വിസ്തൃതിയും 60,000 ടണ്‍ സംഭരണ ശേഷിയുമുള്ള കാർഗോ കോപ്ലക്സിന്റെ നിർമാണം പൂര്‍ത്തിയായി. മലബാറിൻ്റെ എയർ കാർഗോ ഹബ് എന്ന നിലയില്‍ വിമാനത്താവളത്തെ വികസിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കിയാലും സംസ്ഥാന സർക്കാരും.

രാജ്യത്തിന്റെ സാമ്ബത്തിക ഉന്നമനത്തില്‍ പ്രവാസി നിക്ഷേപം വർധിച്ചു വരുമ്ബോള്‍ പ്രവാസി ക്ഷേമത്തിന് ഒരുവിധ പരിഗണനയും കേന്ദ്ര സർക്കാർ നല്‍കുന്നില്ല. പകരം വിമാന ചാർജ് വർധിപ്പിച്ച്‌ കുടിയേറ്റ നിയമത്തില്‍ ഒരു സമീപനം സ്വീകരിക്കാതെ കാലഹരണപ്പെട്ട ബ്രിട്ടീഷുകാർ നടപ്പാക്കിയ കരിനിയമം പിന്തുടരുന്നു. 
1989 മുതല്‍ 2021വരെ സുദീർഘമായ കാല ഘട്ടത്തില്‍ പ്രവാസികള്‍ അടച്ച സുരക്ഷിത ഇൻഷുറൻസ് പ്രമീയം ഒരാള്‍ക്ക് പോലും തിരികെ നല്‍കിയില്ല. 20,000 കോടിയോളം വരുന്ന നമ്മള്‍ അടച്ച തുക കേന്ദ്ര സർക്കാർ 60 വയസ്സ് കഴിഞ്ഞവരുടെ ക്ഷേമം മുൻ നിർത്തിയും തിരിച്ചു വരുന്ന പ്രവാസി പുനരധി വാസത്തിനും വിനിയോഗിക്കണം.വിശേഷ നാളുകളില്‍ വിമാന യാത്ര കൊതിച്ചു നാട്ടിലെത്താൻ വെമ്ബല്‍ കൊള്ളുന്നവരെ ആകാശക്കൊള്ള നടത്തി രക്തം കുടിക്കുന്ന നടപടി എന്നന്നേക്കുമായി അവസാനിപ്പിക്കണം എന്ന പ്രധാന ആവശ്യം മുൻ നിർത്തി നടത്തുന്ന പോരാട്ടം വിജയിപ്പിക്കാൻ എല്ലാ പ്രവാസികളോടു ബഹുജനങ്ങളോടും കേരള പ്രവാസി സംഘം അഭ്യർഥിക്കുന്നു. ജില്ലാ പ്രസിഡൻ്റ് ഇ എം പി അബൂബക്കർ, സെക്രട്ടറി പ്രശാന്ത് കുട്ടാമ്പള്ളി, ട്രഷറർ ടി കെ രാജീവൻ, സംസ്ഥാന കമ്മിറ്റിയംഗം കെ സുകുമാരൻ എന്നിവർ വാർത്താ സമ്മേളനത്തില്‍ പങ്കെടുത്തു.