ഹജ്ജ് രേഖകൾ സ്വീകരിക്കാൻ കൊച്ചിയിലും കണ്ണൂരിലും പ്രത്യേകം കൗണ്ടറുകൾ
കരിപ്പൂർ : ഹജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ് യാത്രയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്ക് രേഖകൾ സമർപ്പിക്കാൻ കൊച്ചിയിലും കണ്ണൂരിലും പ്രത്യേകം കൗണ്ടറുകൾ പ്രവർത്തിക്കുമെന്ന് ഹജ് ഹൗസ് അറിയിച്ചു. കരിപ്പൂർ ഹജ് ഹൗസിലും കോഴിക്കോട് പുതിയറയിലെ റീജനൽ ഓഫിസിലുമാണു രേഖകൾ സ്വീകരിക്കുന്നത്. ഇതിനു പുറമേയാണു പ്രത്യേകം കൗണ്ടറുകൾ ഏർപ്പെടുത്തുന്നത്. ആദ്യ ഗഡു അടച്ച ശേഷമാണ് രേഖകൾ നൽകേണ്ടത്. തെക്കൻ ജില്ലകളിൽ നിന്നുള്ളവരുടെ സൗകര്യാർഥം 8, 9 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കളമശേരി മുനിസിപ്പൽ ടൗൺഹാളിൽ രേഖകൾ സ്വീകരിക്കും. 8ന് എറണാകുളം, തൃശൂർ ജില്ലകളിലുള്ളവർക്കും 9നു മറ്റു തെക്കൻ ജില്ലകളിലുള്ളവർക്കുമാണ് അവസരം.

കണ്ണൂരിൽ 10, 11 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രേഖകൾ സ്വീകരിക്കും. 10ന് കണ്ണൂർ ജില്ലയിൽ നിന്നുള്ളവരും 11ന് കാസർകോട്, വയനാട് ജില്ലകളിൽ നിന്നുള്ളവരുമാണ് രേഖകൾ സമർപ്പിക്കേണ്ടത്.