ടി.പി കേസ്: കുറ്റവാളികള്‍ക്ക് വധശിക്ഷയില്ല, കൊലപാതകം ജനാധിപത്യ വിരുദ്ധവും നിയമവാഴ്ചയ്ക്കു നേരെയുള്ള ആക്രമണം


ടി.പി കേസ്: കുറ്റവാളികള്‍ക്ക് വധശിക്ഷയില്ല, കൊലപാതകം ജനാധിപത്യ വിരുദ്ധവും നിയമവാഴ്ചയ്ക്കു നേരെയുള്ള ആക്രമണം


കെ.കെ കൃഷ്ണനും ജ്യോതിബാബുവിനും ജീവപര്യന്തംതടവുശിക്ഷ വിധിച്ചു. വിചാരണ കോടതി വെറുതെ വിട്ട പ്രതികളാണിവര്‍. ഓരോ ലക്ഷം രൂപ വീതം പിഴയും ചുമത്തി.

കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാര്‍ക്ക് വധശിക്ഷയില്ല. എന്നാല്‍ ശിക്ഷയില്‍ ഇളവ് വേണമെന്ന പ്രതികളുടെ ആവശ്യവും കോടതി നിരസിച്ചു. കേസില്‍ ഒന്ന് മുതല്‍ എട്ട് വരെയും 11ാം പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ തന്നെ തുടരും. എന്നാല്‍ 20 വര്‍ഷം കഴിയാതെ ശിക്ഷയില്‍ പരോളോ ഇളവോ പാടില്ല.

ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ കെ.കെ കൃഷ്ണനും ജ്യോതിബാബുവിനും ജീവപര്യന്തംതടവുശിക്ഷ വിധിച്ചു. വിചാരണ കോടതി വെറുതെ വിട്ട പ്രതികളാണിവര്‍. ഓരോ ലക്ഷം രൂപ വീതം പിഴയും ചുമത്തി. ഇവര്‍ക്ക് പരോള്‍ വ്യവസ്ഥ ബാധകമല്ല. പ്രതികളില്‍ നിന്ന് ഈടാക്കുന്ന പിഴത്തുകയില്‍ ടി.പിയുടെ ഭാര്യയായ കെ.കെ രമയ്ക്ക് ഏഴര ലക്ഷം രൂപയും ടി.പിയുടെ മകന്‍ അഭിനന്ദിന് അഞ്ച് ലക്ഷം രൂപയും നല്‍കണം.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി കാണാന്‍ കഴിയില്ല എന്ന് കോടതി വിലയിരുത്തി. എം.സി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി.കെ രജീഷ്, മുഹമ്മദ് ഷാഫി, എസ്. സുജിത്, കെ.ഷിനോജ്, കെ.സി രാമചന്ദ്രന്‍, പാഴപടച്ചി റഫീഖ് എന്നിവരുടെ ശിക്ഷയാണ് കടുപ്പിച്ചത്. ഒപ്പം പത്താം പ്രതി കെ.കെ കൃഷ്ണനും പന്ത്രണ്ടാം പ്രതി ജ്യോതി ബാബുവിനും കൂടി ജീവപര്യന്തം ലഭിച്ചതോടെ കേസില്‍ 11 പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷയായി.

ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം ജനാധിപത്യവിരുദ്ധമാണെന്നും നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. വിയോജിക്കാനുള്ള അവകാശത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും കോടതി വിലയിരുത്തി.