ആറളം:ആറളം പുനരധിവാസ മേഖലയിലെ ആന മതില്‍ ജൂണ്‍ 15ഓടെ പൂര്‍ത്തിയാക്കത്തക്ക രീതിയില്‍ നിര്‍മ്മാണം പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നോക്കക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. മന്ത്രിയുടെ അധ്യക്ഷതയില്‍ ആറളം വളയംചാലിലെ വനംവകുപ്പിന്റെ ഐ ബി ഓഫീസില്‍  ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഒരു വര്‍ഷം കൊണ്ട് പ്രവൃത്തി പൂര്‍ത്തീകരിക്കാനായിരുന്നു പദ്ധതിയെങ്കിലും നിശ്ചയിച്ചതിലും നേരത്തെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കും. നിലവില്‍ രണ്ട് കിലോമീറ്ററിലധികം നിര്‍മ്മാണം പൂര്‍ത്തിയാക്കി. ഒരു ടീം ആണ് പ്രവൃത്തി നടത്തുന്നത്. വേഗത കൂട്ടുന്നതിന് രണ്ട് ടീമിനെക്കൂടി നിയമിക്കും. പദ്ധതി പ്രദേശത്ത് 67 മരങ്ങള്‍ കൂടി മുറിച്ചുമാറ്റാന്‍ ഉണ്ട്. അതിന് അനുമതി ലഭിച്ചിട്ടുണ്ട്. പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തുന്നതിനായി സബ് കലക്ടറുടെ അധ്യക്ഷതയില്‍ എല്ലാ ആഴ്ചയിലും റിവ്യൂ മീറ്റിങ് നടത്തും. ആനമതില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിലൂടെ ആറളം പുനരധിവാസ മേഖലയിലെ ജനങ്ങളുടെ ജീവന് സുരക്ഷയും  കൃഷിയിടങ്ങള്‍ക്ക് സംരക്ഷണവും ഉറപ്പാകും. ഇതിലൂടെ അവരുടെ ജീവിതം കൂടുതല്‍ മെച്ചപ്പെടുമെന്നും മന്ത്രി പറഞ്ഞു.


യോഗത്തില്‍ സണ്ണി ജോസഫ് എം എല്‍ എ, സബ് കലക്ടര്‍ സന്ദീപ്കുമാര്‍, പൊതു മരാമത്ത്, ട്രൈബല്‍, വനം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആനമതില്‍ നിര്‍മ്മാണം പ്രവൃത്തിയുടെ പുരോഗതി മന്ത്രി നേരിട്ട് സന്ദര്‍ശിച്ച് വിലയിരുത്തി