കഞ്ചാവ് ലഹരിയില്‍ വാഹനങ്ങളെ ഇടിച്ചിട്ടുകൊണ്ട് കാറില്‍ കുതിച്ച് പാഞ്ഞു: യുവതിയെയും യുവാവിനെയും ക്രെയിനിട്ട് പിടികൂടി പോലീസ്


കഞ്ചാവ് ലഹരിയില്‍ വാഹനങ്ങളെ ഇടിച്ചിട്ടുകൊണ്ട് കാറില്‍ കുതിച്ച് പാഞ്ഞു: യുവതിയെയും യുവാവിനെയും ക്രെയിനിട്ട് പിടികൂടി പോലീസ്

കോട്ടയം: ചിങ്ങവനത്ത് കഞ്ചാവ് ലഹരിയില്‍ അപകടകരമായ നിലയില്‍ വാഹനമോടിച്ച് നഗരത്തില്‍ ഭീതി സൃഷ്ടിച്ച യുവതിയെയും യുവാവിനെയും പോലീസ് പിടികൂടി. റോഡിലുണ്ടായിരുന്ന നിരവധി വാഹനങ്ങളില്‍ ഇടിച്ചശേഷം നിര്‍ത്താതെ പോയ ഇവരുടെ കാര്‍, പോലീസ് ക്രെയിന്‍ റോഡിന് കുറുകെ നിര്‍ത്തിയാണ് പിടികൂടിയത്. ലഹരി ഉപയോഗത്തിനും, അശ്രദ്ധമായ ഡ്രൈവിംഗിനും ഇവര്‍ക്കെതിരെ കേസെടുക്കും.

എംസി റോഡില്‍ കോട്ടയം മറിയപ്പള്ളി മുതല്‍ ചിങ്ങവനം വരെ ഏതാണ്ട് അഞ്ച് കിലോമീറ്ററോളം ദൂരമാണ് ഇവര്‍ അപകടകരമായി വാഹനമോടിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് ചിങ്ങവനം പോലീസ്, പോലീസ് സ്‌റ്റേഷന് സമീപം റോഡില്‍ ക്രെയിന്‍ കുറുകെയിട്ട് കാര്‍ തടയുകയും ഇവരെ പിടികൂടുകയുമായിരുന്നു.

ഇരുവരും വാഹനത്തിന് പുറത്തിറങ്ങാന്‍ തയ്യാറാകാതെ വന്നതിനെ തുടര്‍ന്ന് ബലം പ്രയോഗിച്ചാണ് പുറത്തിറക്കിയത്. പിടിയിലാകുന്ന സമയത്ത് ഇവര്‍ ലഹരിയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. യുവതി കഞ്ചാവ് ഉപയോഗിച്ച് ആക്രമാസക്തയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് യുവാവിനെ പോലീസ് കീഴടക്കിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവരുടെ കാറില്‍ നിന്ന് അഞ്ച് ഗ്രാം കഞ്ചാവ് പിടികൂടി.