പ്രായം തളര്‍ത്താത്ത പോരാട്ടവീര്യം, കണ്ണൂരുകാരനായ പന്ന്യന് തലസ്ഥാനവും കളിക്കളം

പ്രായം തളര്‍ത്താത്ത പോരാട്ടവീര്യം, കണ്ണൂരുകാരനായ പന്ന്യന് തലസ്ഥാനവും കളിക്കളം


കണ്ണൂര്‍:  സമരതീഷ്ണമായ കാലത്തിലൂടെ രാഷ്ട്രീയ രംഗത്ത് ചുവടുറപ്പിച്ച കണ്ണൂരുകാരനായ പന്ന്യന്‍ രവീന്ദ്രന് വീണ്ടും മറ്റൊരു തിരഞ്ഞെടുപ്പ് അങ്കം കൂടി. മികച്ച ഫുട്ബോള്‍ കളിക്കാരനായിരുന്ന പന്ന്യന്‍ പ്രായം തളര്‍ത്താത്ത ആവേശം തന്നെയാണ് ഇപ്പോഴും രാഷ്ട്രീയത്തില്‍ പുലര്‍ത്തുന്നത്. അടിയന്തിരാവസ്ഥയില്‍ അതിക്രൂരമായ മര്‍ദനത്തിന് ഇരയായ ജീവിക്കുന്ന നേതാക്കളില്‍ അപൂര്‍വം ചിലരില്‍ ഒരാളാണ് പന്ന്യന്‍ രവീന്ദ്രന്‍.

സ്വന്തം മുടിനീട്ടിവളര്‍ത്താന്‍ കാരണം തന്നെ പന്ന്യന്‍ പറഞ്ഞിരുന്നത് 1976-ല്‍ അടിയന്തിരാവസ്ഥക്കാലത്ത് അന്നത്തെ കണ്ണൂര്‍ ജില്ലയിലെ എസ് ഐയായിരുന്ന പുലിക്കോടന്റെ അതിക്രൂരമായ മര്‍ദനത്തിനെതിരെയുളള പ്രതീകാത്മകമായ പ്രതിഷേധമാണെന്നായിരുന്നു. നീട്ടിവളര്‍ത്തിയ മുടിയുമായി ഇപ്പോഴൂം രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന പന്ന്യന്‍ കണ്ണൂരിലെ കക്കാട് എന്ന പ്രദേശത്തെ രാമന്‍-യശോദ ദമ്പതികളുടെ മകനായി ഒരു സാധാരണ കുടുംബത്തിലാണ് ജനിക്കുന്നത്.



 

കോര്‍ജാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ബീഡി തൊഴിലില്‍ ഏര്‍പ്പെട്ടു. വിദ്യാഭ്യാസത്തിനുശേഷം രാഷ്ട്രീയത്തില്‍ സജീവമായി. 1964- ലാണ് കമ്യൂണിസ്റ്റ് പാര്‍ടി അംഗമായത്. കക്കാട് ബ്രാഞ്ച് സെക്രടറിയും കണ്ണൂര്‍ താലൂക് സെക്രടറിയുമായിരുന്നു. ബാങ്ക് ദേശസാത്കരണം ആവശ്യപ്പെട്ടു സി പി ഐ നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി 1965-ല്‍ രണ്ടാഴ്ചക്കാലം ജയില്‍ വാസം അനുഷ്ഠിച്ചു.

അന്ന് പതിനെട്ടു വയസ് തികഞ്ഞിരുന്നില്ല. ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായിരുന്ന കെപി ഗോപാലന്‍ ഉള്‍പെടെയുളള നേതാക്കള്‍ക്കൊപ്പമാണ് ജയില്‍ വാസം അനുഷ്ഠിച്ചത്. പിന്നീടും നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ജയില്‍വാസം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട് പന്ന്യന്‍.

ആദ്യ ജില്ലാ കൗണ്‍സിലിലേക്ക് 1989-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ അഴീക്കോട് ഡിവിഷനില്‍ നിന്നും ജയിച്ച പന്ന്യന്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാനായി. 1979- മുതല്‍ 82-വരെ എ ഐ വൈ എഫിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു ചരിത്രത്തില്‍ ഇടം നേടിയ തൊഴില്‍ അല്ലെങ്കില്‍ ജയില്‍ സമരം നടന്നത് പന്ന്യന്‍ പ്രസിഡന്റായിരിക്കുമ്പോഴാണ്.

1982-മുതല്‍ 86-വരെ സി പി ഐയുടെ അഭിവക്ത കണ്ണൂര്‍ ജില്ലാ സെക്രടറിയായിരുന്നു. 1982-ല്‍ പാര്‍ടി സംസ്ഥാന കൗണ്‍സില്‍ അംഗമായി. 1996-മുതല്‍ ഒന്‍പതു വര്‍ഷക്കാലം സംസ്ഥാന അസി.സെക്രടറിയുമായിരുന്നു. 2005-ല്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. പാര്‍ലമെന്റിനകത്തും പുറത്തുമുളള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. 2005-ല്‍ ദേശീയ എക്സിക്യൂടിവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

2011-ലെ തിരഞ്ഞെടുപ്പില്‍ പറവൂര്‍ മണ്ഡലത്തില്‍ നിന്നും മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. 2012മുതല്‍ 2015-വരെ സി പി ഐ സംസ്ഥാന സെക്രടറിയായി പ്രവര്‍ത്തിച്ചു. കേന്ദ്ര സെക്രടറിയേറ്റംഗവും ദേശീയ കണ്‍ട്രോള്‍ കമിഷന്‍ ചെയര്‍മാനുമായിരുന്നു. 76 വയസുളള പന്ന്യനെ വീണ്ടും സംസ്ഥാന കൗണ്‍സിലില്‍ ഉള്‍പെടുത്തിയാണ് പാര്‍ടി മത്സരരംഗത്തേക്ക് ഇറക്കിയത്.