ഗ്യാൻവാപി മസ്‌ജിദിൽ മൂന്നാം ദിവസവും പൂജ തുടരുന്നു; കടകൾ അടച്ച് പ്രതിഷേധം, ഡ്രോൺ നീരീക്ഷണവും സുരക്ഷയും ശക്തം

ഗ്യാൻവാപി മസ്‌ജിദിൽ മൂന്നാം ദിവസവും പൂജ തുടരുന്നു; കടകൾ അടച്ച് പ്രതിഷേധം, ഡ്രോൺ നീരീക്ഷണവും സുരക്ഷയും ശക്തം


ദില്ലി: കനത്ത സുരക്ഷയിൽ ഗ്യാൻവാപി മസ്ജിദിലെ അറയിൽ തുടർച്ചയായ മൂന്നാം ദിനവും പൂജ തുടരുന്നു. സുപ്രീം കോടതിയിൽ ഹർജി നൽകുന്നതിൽ നിയമോപദേശം തേടിയ  മുസ്ലിം വ്യക്തി ബോർഡ് രാഷ്ട്രപതിയെ കാണാനും സമയം തേടി. ഇതിനിടെ താജ്മഹലിലെ ഉറൂസ് നിരോധിക്കണമെന്നാവശ്യപ്പെട്ട് ആഗ്ര കോടതിയിൽ ഹർജി എത്തി. ഹൈക്കോടതി നിർദേശത്തെ തുടർന്ന് വൻ സുരക്ഷക്രമീകരണങ്ങങ്ങൾക്കിടയിലാണ് വാരാണസിയിലെ പൂജ തുടരുന്നത്. ഇന്നലെ മാത്രം നാൽപതിനായിരത്തോളം പേർ മസ്ജിദിലെ അറയിൽ ദർശനത്തിന് എത്തിയെന്ന് ഹിന്ദുവിഭാഗം പറഞ്ഞു.

പൂജക്ക് താൽക്കാലിക സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.  ജില്ലാ കോടതി ഉത്തരവിനെതിരെ നിയമപ്പോരാട്ടം ശക്തമാക്കുകയാണ് പള്ളിക്കമ്മറ്റിയും മുസ്ലിം വ്യക്തി ബോർഡും. അഭിഭാഷകരുമായി ബോ‍ർഡ് നേതാക്കൾ ഇന്നലെയും ചർച്ചകൾ നടത്തി. കാശിയിലും മഥുരയിലും ജില്ലാ കോടതി ഇടപെടൽ തടയണമെന്ന് സുപ്രീം കോടതിയിൽ ആവശ്യപ്പെടും. ആരാധനാലയങ്ങൾ സംരക്ഷിക്കാനുള്ള നിയമം അട്ടിമറിക്കുന്നു എന്ന് വാദമാണ് ബോർഡ് ഉന്നയിക്കുന്നത്. നിലവറയിൽ വിഗ്രഹങ്ങൾ സ്ഥാപിക്കാൻ പള്ളിയുടെ ഗ്രില്ലുകൾ തകർത്തു എന്നും പളളികമ്മറ്റി ആരോപിക്കുന്നുണ്ട്.

വാരാണസിയിലെ ചില പ്രദേശങ്ങളിൽ ഇന്നും കടകൾ അടച്ച് പ്രതിഷേധിച്ചു. മേഖലയിൽ ആകെ ഡ്രോൺ നീരീക്ഷണവും പൊലീസ് ശക്തമാക്കിയിട്ടുണ്ട്. താജ് മഹലിലെ ഉറൂസ് ആഘോഷത്തിനെതിരെ ഹിന്ദു മഹാസഭയാണ് കോടതിയില്‍ ഹര്‍ജിയുമായി എത്തിയത്. ഉറൂസിന് നിരോധന ഉത്തരവ് ആവശ്യപ്പെട്ടാണ് ഹര്‍ജി. ഉറൂസിന് താജ്മഹലില്‍ സൗജന്യ പ്രവേശനം നല്‍കുന്നതിനെയും ഹര്‍ജിയില്‍ എതിര്‍പ്പ് ഉന്നയിച്ചിട്ടുണ്ട്. അയോധ്യയ്ക്കു ശേഷം കൂടുതൽ സ്ഥലങ്ങളിലെ തർക്കം കോടതിയിലേക്ക് എത്തുന്നതും ബിജെപി സർക്കാരുകളുടെ പിന്തുണ ഇതിന് കിട്ടുന്നതും ദേശീയ തലത്തിൽ ന്യൂനപക്ഷ സംഘടനകളുടെ കടുത്ത അതൃപ്തിക്ക് ഇടയാക്കുകയാണ്.