കാട്ടാനയുടെ ആക്രമണത്തില്‍ നാട്ടുകാരുടെ പ്രതിഷേധം ; മാനന്തവാടിയില്‍ നാലുസ്ഥലങ്ങളില്‍ നിരോധനാജ്ഞ

കാട്ടാനയുടെ ആക്രമണത്തില്‍ നാട്ടുകാരുടെ പ്രതിഷേധം ; മാനന്തവാടിയില്‍ നാലുസ്ഥലങ്ങളില്‍ നിരോധനാജ്ഞ


മാനന്തവാടി: ഇന്ന് പുലര്‍ച്ചെ ഉണ്ടായ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മാനന്തവാടിയില്‍ ജനങ്ങള്‍ കടുത്ത പ്രതിഷേധത്തില്‍. കൊല്ലപ്പെട്ട പനച്ചില്‍ അജീഷിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ സമ്മതിക്കാതെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന മെഡിക്കല്‍ കോളേജില്‍ നാട്ടുകാര്‍ ശക്തമായ പ്രതിഷേധമാണ് നടത്തുന്നത്. മാനന്തവാടി നഗരസഭയിലെ നാലു സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

കുറുക്കന്മൂല, പയ്യമ്പള്ളി, കുറവ, കാടന്‍കൊല്ലി എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. ആന സ്ഥലത്ത് തന്നെയുണ്ടെന്നും അതുകൊണ്ടു തന്നെ മൈക്ക് അനൗണ്‍സ്‌മെന്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളതായിട്ടാണ് വിവരം. തണ്ണീര്‍കൊമ്പനിറങ്ങി തൊട്ടടുത്ത ദിവസമാണ് വീണ്ടും കാട്ടാന ആക്രമണത്തിന് വയനാട് ഇരയാകുന്നത്. കാട്ടാനയെ ജനവാസമേഖലയില്‍ ഇറങ്ങുന്നത് തിരിച്ചറിയാതിരുന്നതില്‍ അതിശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ആനയെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമം നടത്തുമെന്നാണ് വനംവകുപ്പ് പറയുന്നത്.

രാവിലെ ഏഴു മണിയോടെ പടമല പ്രദേശത്താണ് ആനയെ കണ്ടെത്തിയത്. ഗേറ്റ് പൊളിച്ച് ആന അകത്തുകയറിയായിരുന്നു ആക്രമണം നടത്തിയത്. പരിക്കേറ്റ അജിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ വെച്ച് മരണം സംഭവിക്കുകയുമായിരുന്നു. ജില്ലാകളക്ടര്‍ അടക്കമുള്ള അധികൃതര്‍ എത്തി ഉറപ്പ് നല്‍കാതെ മൃതദേഹം മാറ്റാന്‍ നാട്ടുകാര്‍ അനുവദിക്കുന്നില്ല. ജില്ലാ കളക്ടര്‍ നേരിട്ടെത്തി ഉറപ്പ് നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൊലയാളി ആനയെ വെടിവെച്ചു കൊലപ്പെടുത്താനാണ് നാട്ടുകാര്‍ പറയുന്നത്.

റേഡിയോ കോളര്‍ ധരിപ്പിച്ച മോഴയാനയാണ് ആക്രമണം നടത്തിയത്. ഇന്നലെ രാത്രി മാനന്തവാടി പ്രദേശങ്ങളില്‍ ആന ചുറ്റിത്തിരിയുന്നുണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഇന്നലെ രാത്രിയില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരുന്നു. ആന പരിസരത്ത് തന്നെയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.