അര്‍ഹതപ്പെട്ട സാമ്പത്തിക വിഹിതം നല്‍കുന്നില്ല; കേന്ദ്രം അനീതി കാണിക്കുന്നു; മോദി സര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ ഇന്ന് കര്‍ണാടകയുടെ പ്രതിഷേം; നാളെ കേരളം


അര്‍ഹതപ്പെട്ട സാമ്പത്തിക വിഹിതം നല്‍കുന്നില്ല; കേന്ദ്രം അനീതി കാണിക്കുന്നു; മോദി സര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ ഇന്ന് കര്‍ണാടകയുടെ പ്രതിഷേം; നാളെ കേരളം


കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട സാമ്പത്തിക വിഹിതം നല്‍കാതെ അനീതി കാണിക്കുന്നെന്നാരോപിച്ച് കര്‍ണാടക സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇന്നു ഡല്‍ഹിയില്‍ സമരം. രാവിലെ 11-ന് ജന്തര്‍മന്തറില്‍ നടത്തുന്ന സമരം സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. കോണ്‍ഗ്രസ് മന്ത്രിസഭ ഒന്നടങ്കം പങ്കെടുക്കുമെന്നും അദേഹം അറിയിച്ചു.

സംസ്ഥാനത്തിന്റെ ആശങ്കകളിലേക്ക് കേന്ദ്രത്തിന്റെയും രാജ്യത്തെ ജനങ്ങളുടെയും ശ്രദ്ധ ക്ഷണിക്കാനാണ് സമരം. സമരത്തില്‍ പങ്കെടുക്കാന്‍ ബിജെപി എംഎല്‍എമാരെയും എംപിമാരെയും അദ്ദേഹം ക്ഷണിച്ചു. പതിനഞ്ചാം ധന കമീഷന്‍ ശുപാര്‍ശകള്‍ പ്രതികൂലമായി ബാധിച്ചതിനാല്‍ അഞ്ചു വര്‍ഷത്തില്‍ കര്‍ണാടകത്തിന് 1.87 ലക്ഷം കോടി രൂപ നഷ്ടമായെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമരം ബി.ജെ.പി. ക്കെതിരായല്ലെന്നും സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ നികുതിവിഹിതത്തില്‍ നാല് വര്‍ഷത്തിനിടെ 73,593 കോടി രൂപയുടെ കുറവുവന്നതായി മുഖ്യമന്ത്രി കുറ്റപ്പെടുത്തി.ഈ വര്‍ഷം 4,30,000 കോടി രൂപയാണ് കര്‍ണാടകത്തില്‍നിന്ന് പിരിച്ചെടുത്ത നികുതി.നികുതി സംഭരണത്തില്‍ മഹാരാഷ്ട്ര കഴിഞ്ഞാല്‍ രണ്ടാംസ്ഥാനം കര്‍ണാടകയാണ്.

37,252 കോടി രൂപ നികുതിവിഹിതവും 13,005 കോടി രൂപ കേന്ദ്ര പദ്ധതിവഴിയുമായി മൊത്തം 50,257 കോടി രൂപയാണ് കേന്ദ്രത്തില്‍നിന്ന് ലഭിച്ചത്. നൂറ് രൂപയില്‍ 12 രൂപമാത്രമാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്. ബാക്കി പണം കേന്ദ്രസര്‍ക്കാര്‍ കൈവശം വെക്കുകയാണെന്നും സിദ്ധരാമയ്യ ആരോപിച്ചു. കേന്ദ്ര സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളത്തിന്റെ സമരം നാളെ നടക്കും.