പ്രചാരണത്തിന് വേണം വനിതകൾ: വിദ്യാസമ്പന്നര്‍ക്ക് പ്രസംഗ പരിശീലനം നൽകി രംഗത്തിറക്കാൻ മുസ്ലിം ലീഗ്


പ്രചാരണത്തിന് വേണം വനിതകൾ: വിദ്യാസമ്പന്നര്‍ക്ക് പ്രസംഗ പരിശീലനം നൽകി രംഗത്തിറക്കാൻ മുസ്ലിം ലീഗ്


മലപ്പുറം: ലോക് സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കേ വനിതകളെ പ്രചാരണ വേദികളില്‍ സജീവമാക്കാന്‍ പദ്ധതിയുമായി മുസ്ലീം ലീഗ്. പൊതുപ്രവര്‍ത്തനത്തില്‍ താത്പര്യമുള്ള വിദ്യാസമ്പന്നരായ വനിതകളെ കണ്ടെത്തി പ്രസംഗ പരിശീലനം നല്‍കും. വനിതാ ലീഗിനാണ് ഇതിന്‍റെ ചുമതല.

മുസ്ലീം ലീഗിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ വനിതകളെ അധികമായി കാണാറില്ലെന്ന എതിരാളികളുടെ പരാതികള്‍ക്ക് ഏതായാലും ഇക്കുറി പരിഹാരമായേക്കും. ഉയര്‍ന്ന വിദ്യാഭ്യാസമുണ്ടായിട്ടും വീട്ടിലിരിക്കുന്ന വനിതകളില്‍ കഴിവുള്ളവരെ കണ്ടെത്തി ലീഗ് വേദികളിലേക്കിറക്കാനാണ് പാര്‍ട്ടി തീരുമാനം. പാര്‍ട്ടി അംഗങ്ങളല്ലാത്ത മിടുക്കരായ വനിതകളെ കണ്ടെത്തി പരിശീലനം നല്‍കും. പ്രാസംഗികരായും ഇവര്‍ ലീഗ് വേദികളില്‍ തിളങ്ങും.

ഒരു നിയോജക മണ്ഡലത്തില്‍ നിന്നും 15 വനിതകളെ വീതമാണ് തെരഞ്ഞെടുക്കുക. വനിതാ ലീഗ് നേതാക്കള്‍ ഇവരെ കണ്ടെത്തി പട്ടിക തയ്യാറാക്കും. പിന്നീട് ഈ വനിതകളുടെ വിപുലമായ കൂട്ടായ്മ സംഘടിപ്പിക്കാനാണ് തീരുമാനം. തെരഞ്ഞെടുപ്പിന് മുന്നോടിയായി കുടുംബയോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാന്‍ മുസ്ലീം ലീഗ് തീരുമാനിച്ചിട്ടുണ്ട്. കുടുംബയോഗങ്ങളിലെ മുഖ്യ ചുമതലക്കാരായി ഈ വനിതകളെ നിയോഗിക്കാനാണ് പാര്‍ട്ടിയുടെ ആലോചന.