ബെംഗളൂരു: സര്‍ക്കാര്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ പ്രീ-വെഡ്ഡിംഗ് ഷൂട്ട് നടത്തിയ ഡോക്ടറെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. കർണാടകയിലെ ചിത്രദുർഗ ജില്ലയിലെ ഒരു സർക്കാർ ആശുപത്രിയിലാണ് സംഭവം. വീഡിയോ ഷൂട്ടിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് നടപടി.

ഭരമസാഗർ ഏരിയയിലെ ജില്ലാ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അഭിഷേക് എന്ന ഡോക്ടറുടെ ഫോട്ടോ ഷൂട്ടാണ് വിവാദമായത്. മെഡിക്കല്‍ നടപടികളുമായി ബന്ധപ്പെടുത്തിയായിരുന്നു വീഡിയോ ചിത്രീകരിച്ചത്. ഡോക്ടര്‍ ശസ്ത്രക്രിയ നടത്തുന്നതും പ്രതിശ്രുത വധു ഡോക്ടറെ സഹായിക്കുന്നതുമാണ് വീഡിയോയിലുള്ളത്. വീഡിയോയുടെ അവസാനം രോഗിയായി അഭിനയിച്ചയാള്‍ ഓപ്പറേഷനിടെ എഴുന്നേറ്റിരിക്കുന്നതും കാണാം.പൂര്‍ണമായ ലൈറ്റിംഗ് സജ്ജീകരണത്തോടെയായിരുന്നു ഷൂട്ടിംഗ്. ക്യാമറാമാന്‍മാരും മറ്റുള്ളവരും വീഡിയോ ചിത്രീകരിക്കുമ്പോള്‍ ചിരിക്കുന്നതും കേള്‍ക്കാം.

ഇതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ പൊതുസമൂഹത്തിൽ നിന്നും വലിയ തോതിൽ വിമര്‍ശനം ഉയര്‍ന്നിരുന്നു. വൈകാതെ ''ചിത്രദുർഗയിലെ ഭരമസാഗർ സർക്കാർ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിൽ പ്രീ-വെഡ്ഡിംഗ് ഷൂട്ട് നടത്തിയ ഡോക്ടറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു'' എന്ന്  എക്സില്‍ കുറിച്ച് കര്‍ണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവുവും രംഗത്തെത്തിയിരുന്നു.

"സർക്കാർ ആശുപത്രി നിലനിൽക്കുന്നത് ആളുകളുടെ ആരോഗ്യ സംരക്ഷണത്തിനാണ്. വ്യക്തിപരമായ കാര്യത്തിന് വേണ്ടിയല്ല, ഡോക്ടർമാരുടെ ഇത്തരം അച്ചടക്കമില്ലായ്മ അംഗീകരിക്കാനാവില്ല. ആരോഗ്യ വകുപ്പിൽ ജോലി ചെയ്യുന്ന ഡോക്ടർമാരും ജീവനക്കാരും ഉൾപ്പെടെ എല്ലാ കരാർ ജീവനക്കാരും സർക്കാർ സർവീസ് ചട്ടങ്ങൾക്കനുസൃതമായി അവരുടെ ചുമതലകൾ നിർവഹിക്കണം''മന്ത്രിയുടെ കുറിപ്പില്‍ പറയുന്നു. ഇത്തരം ചികിത്സാ സൗകര്യങ്ങൾക്ക് സർക്കാർ നൽകുന്ന സൗകര്യങ്ങൾ സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണത്തിനാണെന്ന് അറിഞ്ഞ് ചുമതല നിർവഹിക്കുന്നതിൽ എല്ലാവരും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.