വിമുക്തഭടന്മാർക്കും കുടുംബത്തിനും ചികിത്സ ഉറപ്പാക്കൽ :ഇരിട്ടി പോളി ക്ലിനിക്കിനായി കെട്ടിട നിർമ്മാണം ആരംഭിച്ചു

വിമുക്തഭടന്മാർക്കും കുടുംബത്തിനും ചികിത്സ ഉറപ്പാക്കൽ :ഇരിട്ടി പോളി ക്ലിനിക്കിനായി  കെട്ടിട നിർമ്മാണം ആരംഭിച്ചു  


ഇരിട്ടി: വിമുക്തഭടന്മാർക്കും കുടുംബത്തിനും ചികിത്സ ഉറപ്പാക്കാൻ ചാവശ്ശേരിയിൽ നിർമ്മിക്കുന്ന ഇരിട്ടി പോളി ക്ലിനിക്കിന്റെ കെട്ടിട നിർമ്മാണം ആരംഭിച്ചു.  ചാവശ്ശേരി വില്ലേജ് ഓഫീസിന് സമീപത്ത് അനുവദിച്ച 25 സെൻറ് സ്ഥലത്ത് നിർമ്മാണ പ്രവർത്തികൾ തുടങ്ങിയത്. ഒരുകോടി 18 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിട നിർമ്മാണം. ഈ വർഷം അവസാനത്തോടുകൂടി നിർമ്മാണം പൂർത്തിയാക്കുന്ന രീതിയിലാണ് നിർമ്മാണ പ്രവർത്തി തുടങ്ങിയിട്ടുള്ളത്. 2012 ൽ ആദ്യം കോളിക്കടവിലും ഇപ്പോൾ ഇരിട്ടി കീഴൂരിലും വാടക കെട്ടിടത്തിലാണ് പോളിക്ലിനിക്കിൻ്റെ പ്രവർത്തനം. നാഷണൽ എക്സ് സർവീസ് മെൻ കോഡിനേഷൻ കമ്മിറ്റി, സെൻട്രൽ കമ്മിറ്റിയുടെയും കണ്ണൂർ ജില്ലാ കമ്മിറ്റിയുടെയും ഭാരവാഹികളുടെ അശ്രാന്ത പരിശ്രമത്തിന്റെ ഭാഗമായാണ് സർക്കാർ സ്ഥലവും പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് കെട്ടിടം നിർമ്മാണത്തിന് തുകയും അനുവദിച്ചത്. മലയോരത്തെ വിവിധ മേഖലകളിൽ നിന്നുള്ള വിമുക്ത ഭടൻമാർക്കും കുടുംബത്തിനും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന ചാവശ്ശേരി ടൗണിൽ സ്കൂളിനും വില്ലേജ് ഓഫീസിനും സമീപത്തായാണ് പുതിയ സ്വന്തം കെട്ടിടം പണിയുന്നത്. കെട്ടിടം പൂർത്തിയാകുന്നതോടുകൂടി കെട്ടിടത്തിന്റെ ഒരു ഭാഗത്ത് സംഘടനയുടെ അപേക്ഷ പ്രകാരം സ്റ്റേഷൻ കമാൻഡറുടെയും സബ് ഏരിയ കമാൻഡറുടെയും അനുമതിയോടുകൂടി ഒരു സി എസ് ഡി കാൻറീൻ കൂടി പ്രവർത്തിപ്പിക്കുവാൻ സംഘടന തീരുമാനിച്ചിട്ടുണ്ട്. കെട്ടിട നിർമ്മാണ  സ്ഥലത്ത് സെൻട്രൽ സെക്രട്ടറി എൻ. തോമസ്, സെൻട്രൽ ഓർഗനൈസിംഗ് സെക്രട്ടറി എം. പവിത്രൻ, ജില്ലാ കമ്മിറ്റി പ്രസിഡണ്ട് മൈക്കിൽ ചാണ്ടിക്കൊല്ലിയിൽ, സെക്രട്ടറി ലക്ഷ്മണൻ പുന്നാട്, വൈസ് പ്രസിഡണ്ട് പി. വി. രാജൻ, ജോ. സെക്രട്ടറി അഡ്വ. സുരേഷ് ബാബു, ട്രഷറർ കെ. നാരായണൻ, മട്ടന്നൂർ മേഖലാ സെക്രട്ടറി ശാർങ്ങധരൻ തുടങ്ങിയവർ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു.