'അനിലിൻെറ സ്ഥാനാർത്ഥിത്വം പിതൃശൂന്യ നടപടി',നേതൃത്വത്തിനെതിരെ ബിജെപി ജില്ലാ നേതാവിൻെറ പോസ്റ്റ്, പിന്നാലെ നടപടി


'അനിലിൻെറ സ്ഥാനാർത്ഥിത്വം പിതൃശൂന്യ നടപടി',നേതൃത്വത്തിനെതിരെ ബിജെപി ജില്ലാ നേതാവിൻെറ പോസ്റ്റ്, പിന്നാലെ നടപടി



പത്തനംതിട്ട:അനിൽ ആന്റണിയുടെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ പത്തനംതിട്ട ബിജെപിയില്‍ പൊട്ടിത്തെറി. പി.സി. ജോർജ്ജിനെ ഒഴിവാക്കിതിൽ നേതൃത്വത്തെ പരസ്യമായി വിമർശിച്ച് പത്തനംതിട്ടയിലെ ബിജെപി ജില്ലാ നേതാവ് തന്നെ രംഗത്ത് എത്തി. അനിൽ ആന്റണിയുടെ സ്ഥാനാർഥിത്വം പിതൃശൂന്യ നടപടി എന്നാണ് കർഷക മോർച്ച ജില്ലാ പ്രസിഡന്റിന്റെ വിമർശനം. ഫേസ്ബുക്ക് പോസ്റ്റ് പിന്നാലെ നേതാവിനെ ബിജെപി പുറത്താക്കി. തന്നെ ഒഴിവാക്കി അനിൽ ആന്‍റണിയെ സ്ഥാനാർഥി ആക്കിയതിൽ കടുത്ത ഭാഷയിൽ ആണ് പി. സി. ജോർജ് അതൃപ്‌തി പരസ്യമാക്കിയത്.

അതിനെ പിന്നാലെയാണ് പത്തനംതിട്ടയിലെ ബിജെപി നേതാക്കളും അതൃപ്തി പരസ്യമായി പറഞ്ഞ് രംഗത്ത് വരുന്നത്. കർഷക മോർച്ച ജിലാ പ്രസിഡന്റ്‌ ശ്യാം തട്ടയിൽ നേതൃത്വത്തെ രൂക്ഷമായ വാക്കുകളിൽ വിമർശിച്ചു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു. എല്ലാവർക്കും താല്പര്യം പി. സി. ജോർജ്ജിനെ ആയിരുന്നു. എന്നാൽ സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാതെ അനിൽ ആന്‍റണിയെ പ്രഖ്യാപിച്ചു. ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്‍റിനെ പൊട്ടൻ എന്ന് വരെ  ഫേസ്ബുക് പോസ്റ്റിൽ പരിഹസിക്കുന്നു. അനിലിന്‍റെ സ്ഥാനാര്‍ഥിത്വം പിതൃശൂന്യ നടപടിയാണെന്നും ഒരു ലക്ഷം വോട്ട് പോലും പിടിക്കില്ലെന്നും ശ്യാം തട്ടയിൽ ആരോപിച്ചു.

ഫേയ്സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായതിന് പിന്നാലെ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച കർഷകമോർച്ച ജില്ലാ പ്രസിഡന്‍റ് കൂടിയായ ശ്യാം തട്ടയിലിനെ കെ.  സുരേന്ദ്രന്റെ നിർദ്ദേശപ്രകാരം പാർട്ടിയിൽ നിന്ന്  പുറത്താക്കി. ബിജെപിയുടെ എ പ്ലസ് മണ്ഡലമായ പത്തനംതിട്ടയിൽ കഴിഞ്ഞ തവണത്തേക്കാൾ മെച്ചപ്പെട്ട പ്രകടനമാണ് പ്രവർത്തകരും നേതാക്കളും പ്രതീക്ഷിക്കുന്നത്. അങ്ങനെയുള്ള സാഹചര്യത്തിൽ അനില്‍ ആന്‍റണി ഒട്ടും അനുയോജ്യല്ലെന്നാണ് ജില്ലയിലെ വലിയ നേതാക്കൾ തന്നെ പറയുന്നത്.