വനിതാഡോക്ടറുടെ ആത്മഹത്യ; പിന്നില്‍ മറ്റാരുമില്ല, ജീവിതം മടുത്തെന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തി


വനിതാഡോക്ടറുടെ ആത്മഹത്യ; പിന്നില്‍ മറ്റാരുമില്ല, ജീവിതം മടുത്തെന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തി


തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വനിതാ ഡോക്ടറെ ഫ്‌ളാറ്റിലെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യാകുറിപ്പ് കണ്ടെത്തി. കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസറായ അഭിരാമി (30)യെയാണ് മരിച്ചനിലയില്‍ കണ്ടെത്തിത്. തന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ മറ്റാരുമില്ലെന്നും ജീവിതം മടുത്തതിനാല്‍ അവസാനിപ്പിക്കുകയാണെന്നുമാണ് ആത്മഹത്യാകുറിപ്പിലുള്ളത്.

വെള്ളനാട് അഭിരാമത്തില്‍ ബാലകൃഷ്ണന്‍നായര്‍ -രമാദേവി ദമ്പതികളുടെ മകളാണ്. കൊല്ലം സ്വദേശി പ്രജീഷാണ് ഭര്‍ത്താവ്. ഇദ്ദേഹവും ഡോക്ടറാണ്. അടുത്തിടെയായിരുന്നു ഇവരുടെ വിവാഹം. മെഡിക്കല്‍ കോളജ് ആശുപത്രിക്കു സമീപം പി.ടി. ചാക്കോ നഗറിലെ ഫ്‌ളാറ്റില്‍ പേയിങ് ഗസ്റ്റായി താമസിക്കുകയായിരുന്നു അഭിരാമി. മുറി തുറക്കാത്തതിനെത്തുടര്‍ന്നു മറ്റുള്ളവര്‍ ഇന്നലെ െവെകിട്ട് ആറോടെ നടത്തിയ പരിശോധനയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിത്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.

അമിത അളവില്‍ മരുന്നു കുത്തിവെച്ചതാണ് മരണകാരണമെന്ന് സംശയിക്കുന്നു. പോസ്റ്റുമാര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അതേസമയം ഇന്നലെ വൈകുന്നേരവും അഭിരാമി വീട്ടിലേക്ക് വിളിച്ചിരുന്നതായിട്ടാണ് വിവരം. മറ്റു പ്രശ്‌നങ്ങള്‍ ഉള്ളതായി അഭിരാമി ബന്ധുക്കളോടും പറഞ്ഞിട്ടില്ല. ദിവസം മൂന്ന് തവണയെങ്കിലും മാതാപിതാക്കളെ വിളിക്കാറുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. കടുത്ത മാനസീക സമ്മര്‍ദ്ദം നേരിടുമ്പോള്‍ വിദഗ്ദ്ധരെ സമീപിക്കുക.)