റിയാസ് മൗലവിയുടെ മൊബൈലടക്കം പരിശോധിച്ചില്ല, ഇത് സംശയകരം, നിലവാരമില്ലാത്ത അന്വേഷണം; വിധിപകർപ്പിൽ ഗുരുതര ആരോപണം


റിയാസ് മൗലവിയുടെ മൊബൈലടക്കം പരിശോധിച്ചില്ല, ഇത് സംശയകരം, നിലവാരമില്ലാത്ത അന്വേഷണം; വിധിപകർപ്പിൽ ഗുരുതര ആരോപണം


കാസർകോട്: കാസർകോട്ടെ പ്രമാദമായ റിയാസ് മൗലവി വധക്കേസിൽ മൂന്ന് പ്രതികളേയും വെറുതെ വിട്ട കോടതി വിധിയിൽ അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങൾ. നിലവാരമില്ലാത്ത രീതിയിൽ ഏകപക്ഷീയമായാണ് അന്വേഷണം നടന്നതെന്നും റിയാസ് മൗലവിയുടെ റൂമിൽ നിന്നും കണ്ടെടുത്ത മൊബൈൽഫോണുകളും സിംകാർഡുകളും മെമ്മറി കാർഡും പരിശോധിച്ചില്ലെന്നും കോടതി വിധിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ സാമഗ്രികൾ പരിശോധിച്ച് വിശദാംശങ്ങൾ എടുക്കുന്നതിൽ അന്വേഷസംഘം പരാജയപ്പെട്ടു. ഇത് സംശയം ജനിപ്പിക്കുന്നതാണ് മരണത്തിനു മുൻപ് റിയാസ് മൗലവി ആരൊക്കെയായി ഇടപഴകി എന്ന് കണ്ടുപിടിക്കാനുള്ള അവസരം അന്വേഷണ സംഘം നഷ്ടപ്പെടുത്തിയെന്നും കോടതി വിമർശിച്ചു. 

പ്രതികൾക്ക് മുസ്‌ലിം സമുദായത്തോടുള്ള വെറുപ്പാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു പ്രോസിക്യൂസിന്റെ ആരോപണം. എന്നാൽ ഇത് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടുഎന്നാൽ മുസ്‌ലീം സമുദായത്തോടുള്ള പ്രതികളുടെ ശത്രുതയ്ക്ക് കാരണമായി ആരോപിക്കപ്പെടുന്ന മൂന്ന് സംഭവങ്ങളിൽ ഒന്നുപോലും തെളിയിക്കാനായില്ല. പ്രതികൾക്ക് ആർഎസ്എസുമായി ബന്ധമുണ്ട് എന്നതിന് തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നും വിധിപ്പകർപ്പിലുണ്ട്.  


2017 മാര്‍ച്ച് 20നാണ് കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായ റിയാസ് മൗലവി കൊല്ലപ്പെടുന്നത്. ചൂരിയിലെപള്ളിയിൽ അതിക്രമിച്ച കയറി വെട്ടിക്കൊല്ലുകയായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരായ കേളുഗുഡയിലെ അജേഷ്, അഖിലേഷ്, നിധിന്‍ കുമാര്‍ എന്നിവരാണ് പ്രതികളെന്നായിരുന്നു കുറ്റപത്രത്തിലുണ്ടായിരുന്നത്. പ്രതികളെ വെറുതെ വിടുന്ന് എന്ന് ഒറ്റവരിയിൽ കാസർകോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ.കെ ബാലകൃഷ്ണൻ വിധി പറഞ്ഞു.  കോടതി ഡിഎൻഎ തെളിവിനു പോലും വില കല്പിച്ചില്ലെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ ആരോപിച്ചു. വിധികേട്ട അമ്പരപ്പിലാണ്  ആക്ഷൻ കമ്മിറ്റിയും. വിധിപകർപ്പ് പഠിച്ച ശേഷം അപ്പീൽ പോകാനാണ് തീരുമാനം. പ്രതികളെ വെറുതെ വിട്ടതിൽ നിരാശയിലാണ് അന്വേഷണ ഉദ്യാഗസ്ഥരും.വിധിയുടെ പശ്ചാത്തലത്തിൽ കാസർഗോഡ് ജില്ലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാത്രിയിൽ അടക്കം പ്രത്യേക പോലീസ് പരിശോധനകൾ ഉണ്ടാകും. 14 ഇടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.