ഡല്‍ഹി ഭരണം സുനിത ഏറ്റെടുത്തേക്കും ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെജ്‌രിവാളിന്റെ ഭാര്യ വന്നേക്കുമെന്ന് സൂചന


ഡല്‍ഹി ഭരണം സുനിത ഏറ്റെടുത്തേക്കും ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെജ്‌രിവാളിന്റെ ഭാര്യ വന്നേക്കുമെന്ന് സൂചന


ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറസ്റ്റിലായ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ സുനിത മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയേക്കുമെന്ന് സൂചന. കെജ്‌രിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിന് പിന്നാലെ ഒരാഴ്ചയ്ക്കിടയില്‍ മൂന്ന് പത്രസമ്മേളനമാണ് സുനിത നടത്തിയത്. കേന്ദ്രം ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണത്തെക്കുറിച്ച് ആലോചിക്കുമ്പോഴാണ് ആംആദ്മി പാര്‍ട്ടിയുടെ പുതിയ നീക്കം. നാളെ രാംലീല മൈതാനിയില്‍ ആംആദ്മിപാര്‍ട്ടി അതിശക്തമായ പ്രതിഷേധം നടത്താനിരിക്കുകയാണ്.

കെജ്രിവാള്‍ ജയിലില്‍ നിന്ന് സര്‍ക്കാരിനെ നയിക്കുമെന്ന് എഎപി ശഠിക്കുന്നുണ്ടെങ്കിലും ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേന കേന്ദ്രഭരണത്തിന് ശുപാര്‍ശ ചെയ്‌തേക്കുമെന്നാണ് വിവരം. സംസ്ഥാന സര്‍ക്കാരിനെ ജയിലില്‍ നിന്ന് ഓടിക്കാന്‍ അനുവദിക്കില്ലെന്ന് സക്സേന നേരത്തെ പറഞ്ഞിരുന്നു. ഇതോടെയാണ് ബദല്‍മാര്‍ഗ്ഗം എഎപി ആലോചിക്കുന്നത്.

ലിംഗഭേദം, പ്രായം, സാമ്പത്തിക സ്ഥിതി, പാര്‍ട്ടി ബന്ധം എന്നിവ പരിഗണിക്കാതെ തന്നെ പിന്തുണയ്ക്കുന്നവര്‍ക്ക് സന്ദേശങ്ങള്‍ അയയ്ക്കുന്നതിന് രണ്ട് വാട്ട്സ്ആപ്പ് നമ്പറുകള്‍ പങ്കിട്ടുകൊണ്ട് സുനിത വെള്ളിയാഴ്ച 'കെജ്രിവാള്‍ കോ ആശിര്‍വാദ്' കാമ്പെയ്ന്‍ ആരംഭിച്ചിരുന്നു. ഇത് സുനിത വലിയ ചുമതല ഏറ്റെടുക്കുന്നതിന്റെ ആദ്യപടിയായി രാഷ്ട്രീയ വിദഗ്ദ്ധര്‍ കണക്കാക്കുന്നുണ്ട്. 22 വര്‍ഷത്തെ സേവന പരിചയമുള്ള മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥയാണ് സുനിത. പൊതുപ്രവര്‍ത്തനത്തില്‍ കെജ്‌രിവാള്‍ സജീവമായപ്പോള്‍ സുനിത മറ്റുകാര്യങ്ങളിലേക്ക് മാറി.

അതേസമയം ആംആദ്മിപാര്‍ട്ടിയുടെ ഈ നീക്കത്തെ പരിഹസിച്ച് ബിജെപി രംഗത്ത് വന്നിട്ടുണ്ട്. ബീഹാറിലെ റാബ്റി ദേവി കാലഘട്ടവുമായി ചേര്‍ത്ത് വായിച്ചാണ് ബിജെപി ഇതിനെ ആക്ഷേപിക്കുന്നത്. കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി സുനിതയെ മുന്‍ ബീഹാര്‍ മുഖ്യമന്ത്രി റാബ്റി ദേവിയുമായി താരതമ്യം ചെയ്തു. കെജ്രിവാളിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ 'രാഷ്ട്രീയവും പൗരാവകാശങ്ങളും' സംരക്ഷിക്കപ്പെടുമെന്നും എല്ലാവര്‍ക്കും സ്വതന്ത്രവും നീതിയുക്തവുമായ അന്തരീക്ഷത്തില്‍ വോട്ടുചെയ്യാന്‍ കഴിയുമെന്നും ആഗോള ബോഡി പ്രതീക്ഷിക്കുന്നതായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് നേരത്തേ പറഞ്ഞിരുന്നു.