എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന പണം കൊള്ളയടിച്ച സംഭവം ; അന്വേഷണം കര്‍ണാടകയിലേക്ക്, കവര്‍ച്ച ആസൂത്രിതമെന്ന് സംശയം


എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന പണം കൊള്ളയടിച്ച സംഭവം ; അന്വേഷണം കര്‍ണാടകയിലേക്ക്, കവര്‍ച്ച ആസൂത്രിതമെന്ന് സംശയം


കാസര്‍ഗോഡ്: എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന പണം കവര്‍ച്ച നടത്തിയ സംഭവത്തില്‍ അന്വേഷണം കര്‍ണാടകയിലേക്ക്. കവര്‍ച്ച ആസൂത്രിതമെന്ന നിഗമനത്തിലാണ് പോലീസ് എത്തിയിരിക്കുന്നത്. ​പണം കൊണ്ടുപോകുമ്പോള്‍ ഉണ്ടായ സുരക്ഷാ വീഴ്ചകളിലും ദുരൂഹതയുണ്ട്. വലിയ തുക കൊണ്ടുപോകുമ്പോള്‍ ആയുധധാരിയായ സുരക്ഷാജീവനക്കാര്‍ വേണമെന്ന നിബന്ധന പാലിക്കപ്പെട്ടിരുന്നില്ലെന്നും ഒരേസമയം വാഹനത്തിന്റെ ഇരു വശത്തെയും ഗ്രില്‍ തകര്‍ന്നിരുന്നതും സംശയകരമാണ്. കവര്‍ച്ചക്കാര്‍ കര്‍ണാടകത്തി​േ​ലക്ക് കടന്നിരിക്കാ​െ​മന്നാണ് സംശയം.

സുരക്ഷാവീഴ്ച കൃത്യമായി മനസ്സിലാക്കിയവരാണ് കവര്‍ച്ച നടത്തിയതെന്നാണ് പോലീസ് കരുതുന്നത്. എ.ടി.എമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന 50 ലക്ഷം രൂപ കാസര്‍ഗോഡ് ഉപ്പളയില്‍ ഇന്നലെ ഉച്ചയ്ക്കു രണ്ടുമണിയോടെയാണു മോഷ്ടിക്കപ്പെട്ടത്. ആക്‌സിസ് ബാങ്കിന്റെ ഉപ്പളയിലെ എ.ടി.എമ്മില്‍ നിറക്കാന്‍ ഒരു വാനില്‍ കൊണ്ടുവന്ന പണമാണു കൊള്ളയടിക്കപ്പെട്ടത്. വാന്‍ എ.ടി.എം. കൗണ്ടറിന്റെ മുന്നില്‍ നിര്‍ത്തിയിട്ട ശേഷം മെഷീന്‍ ക്രമപ്പെടുത്തുന്നതിനിടയിലാണ് മോഷണം നടന്നതെന്ന് കരുതുന്നു. കൗണ്ടറില്‍ പണം നിറയ്ക്കാന്‍ നോട്ടുകളടങ്ങിയ ബോക്‌സ് എടുക്കാനെത്തിയപ്പോഴാണ് വാനിന്റെ ചില്ല് തകര്‍ത്ത് നോട്ടടങ്ങിയ ഒരു പെട്ടി മോഷ്ടിച്ച വിവരം ശ്രദ്ധയില്‍പെട്ടത്.

സെക്യുര്‍വാല്യു എന്ന കമ്പനിയുടെതാണ് പണവുമായി വന്ന വാന്‍. വിവരമറിഞ്ഞെത്തിയ പോലീസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. സാധാരണ സ്വകാര്യ ഏജന്‍സികളുടെ തന്നെ സായുധരായ ആംഡ് വിഭാഗമാണ് പണം എത്തിക്കുമ്പോള്‍ സുരക്ഷ ഒരുക്കാറുള്ളത്. എന്നാല്‍ ഇവിടെ സുരക്ഷ ഉണ്ടായിട്ടില്ലെന്നാണ് വിവരം. കവര്‍ച്ചയ്ക്ക് പിന്നില്‍ ഒരാള്‍ മാത്രമാണെന്നാണു സൂചന ലഭിച്ചിട്ടുള്ളതെന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച ജില്ലാ പോലീസ് മേധാവി പി. ബിജോയ് പറഞ്ഞു. റോഡ് പണി നടക്കുന്നതിനാല്‍ സമീപത്തുണ്ടായിരുന്ന പല സി.സി.ടി.വികളും പ്രവര്‍ത്തിക്കുന്നില്ല. പ്രവര്‍ത്തനമുള്ള ചില സി.സിഴടിവികള്‍ കേന്ദ്രീകരിച്ച് പോലീസ് അനേ്വഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.