കെ സുധാകരനെതിരായ കുറ്റപത്രം; അന്വേഷണസംഘത്തിനെതിരെ പരാതിക്കാരൻ

കെ സുധാകരനെതിരായ കുറ്റപത്രം; അന്വേഷണസംഘത്തിനെതിരെ പരാതിക്കാരൻ


തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസില്‍ മോണ്‍സണ്‍ മാവുങ്കല്‍ ഒന്നാംപ്രതിയും കെപിസിസി അധ്യക്ഷൻ രണ്ടാപ്രതിയുമായി ആദ്യഘട്ട കുറ്റപത്രം വന്നതിന് പിന്നാലെ അന്വേഷണസംഘത്തിന് എതിരെ പരാതിക്കാരൻ. അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്നും ഇപ്പോള്‍ സുധാകരന് എതിരായി വന്നിരിക്കുന്ന കുറ്റപത്രം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടിട്ടുള്ളതാണെന്നും പരാതിക്കാരനായ ഷമീര്‍ ആരോപിച്ചു.

തങ്ങൾക്ക് നഷ്ടമായ പണം കണ്ടെത്താൻ ഒന്നും ചെയ്യുന്നില്ല, നീതി കിട്ടും എന്ന് തോന്നുന്നില്ല,  ഉന്നത പോലീസ് ഉദ്യോഗസ്ഥർ അടക്കം നിരവധി പേര്‍ മോൺസൺ മാവുങ്കലിന്‍റെ തട്ടിപ്പിൽ കൂട്ട് നിന്നിട്ടുണ്ട്, ഇവർക്കെതിരായ അന്വേഷണം എവിടെയും എത്തിയിട്ടില്ലെന്നും ഷമീര്‍.

അല്‍പം മുമ്പാണ് കെ സുധാകരനെ പ്രതി ചേര്‍ത്തുകൊണ്ടുള്ള ആദ്യഘട്ട കുറ്റപത്രം ക്രൈംബ്രാഞ്ച്, എറണാകുളം എസിജെഎം കോടതിയിൽ സമര്‍പ്പിച്ചത്. മൂന്നാം പ്രതി മുൻ കോണ്‍ഗ്രസ് നേതാവ് എബിൻ എബ്രഹാം ആണ്. 

മോണ്‍സണ്‍ മാവുങ്കല്‍ വ്യാജ ഡോക്ടറാണെന്ന് അറിയാമായിരുന്നിട്ടും കെ സുധാകരൻ ഇത് മറച്ചുവയ്ക്കാൻ ശ്രമിച്ചു, മോണ്‍സന്‍റെ വീട്ടിലുണ്ടായിരുന്ന വ്യാജ പുരാവസ്തുക്കള്‍ യഥാര്‍ത്ഥത്തിലുള്ളതാണെന്ന നിലയില്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണത്തിന് കൂട്ടുനിന്നു എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ചുമത്തപ്പെട്ടിട്ടുള്ളത്.വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തി 420, 120 ബി പ്രകാരം ഉള്ള വകുപ്പുകളാണ് ചുമത്തപ്പെട്ടിട്ടുള്ളത്.

മോൻസന്‍റെ വീട്ടിൽ വച്ച് 25 ലക്ഷം രൂപ പരാതിക്കാരിൽ ഒരാൾ കൈമാറുമ്പോൾ സുധാകരൻ സ്ഥലത്തുണ്ടായിരുന്നുവെന്നും, അതിൽ 10 ലക്ഷം രൂപ സുധാകരന് നൽകിയെന്നും ആയിരുന്നു ഡ്രൈവറുടെ മൊഴി. ഇതും കുറ്റപത്രത്തില്‍ ശരിവയ്ക്കപ്പെട്ടിട്ടുണ്ട്.