റോഡിലിറങ്ങിയ വിമാനം കാരണം പുലിവാല് പിടിച്ച് പൊലീസ്; ഡ്രൈവർ മുങ്ങി, സ്ട്രീറ്റ് ലൈറ്റുകളും സിഗ്നലുകളും തകർന്നു


റോഡിലിറങ്ങിയ വിമാനം കാരണം പുലിവാല് പിടിച്ച് പൊലീസ്; ഡ്രൈവർ മുങ്ങി, സ്ട്രീറ്റ് ലൈറ്റുകളും സിഗ്നലുകളും തകർന്നു


കൊൽക്കത്ത: 111 അടി നീളമുള്ള എയർ ഇന്ത്യ വിമാനം റോഡിലിറങ്ങിയതോടെ അക്ഷരാർത്ഥത്തിൽ പുലിവാല് പിടിച്ച് പൊലീസ്. കാലപ്പഴക്കം മൂലം ഡീകമ്മീഷൻ ചെയ്ത എയർബസ് എ-319 വിഭാഗത്തിൽപ്പെട്ട വിമാനമാണ് കഴിഞ്ഞ ദിവസം കൊൽക്കത്ത നഗരത്തെ സ്തംഭിപ്പിച്ചത്. സംഗതി പിടിവിട്ട് പോകുമെന്നായപ്പോൾ വിമാനം കൊണ്ടുപോയിരുന്ന കൂറ്റൻ ട്രെയില‍ർ റോഡിൽ ഉപേക്ഷിച്ച് മുങ്ങിയതോടെ പ്രതിസന്ധി കടുത്തു.

കൊൽക്കത്ത വിമാനത്താവളത്തിൽ നിന്ന് ചണ്ഡിഗഡിലേക്കാണ് ഡീ കമ്മീഷൻ ചെയ്ത വിമാനം റോഡ് മാർഗം കൊണ്ടുപോയത്. ഇതിനിടെ റോഡിലൂടെ ട്രെയിലറിൽ വിമാനവുമായി നീങ്ങിത്തുടങ്ങിയപ്പോൾ തന്നെ നിരവധി ട്രാഫിക് സിഗ്നൽ ലൈറ്റുകളും ഒരു തെരുവ് വിളക്കും തക‍ർന്നു. വിമാനം വണ്ടിയിൽ കയറ്റി കൊണ്ടുപോകുന്നത് കണ്ട് വഴിയാത്രക്കാരെല്ലാം ആശ്ചര്യംകൂറി വഴിയിൽ നിന്നതോടെ ഗതാഗതക്കുരുക്ക് അഴിക്കാൻ പൊലീസുകാർ പെടാപ്പാട് പെട്ടു. ഒടുവിൽ ആളുകളുടെ കണ്ണിൽ നിന്ന് വിമാനത്തെ മറയ്ക്കാൻ ടാർപ്പോളിൻ ഷീറ്റുകള്‍ സംഘടിപ്പിക്കാനുള്ള ഓട്ടത്തിലായി. 

എയർ ഇന്ത്യ യാത്രാ വിമാനമായി ഉപയോഗിച്ചിരുന്ന ഈ എയർബസ് എ-319 വിമാനത്തിന്റെ സർവീസ് കാലാവധി അവസാനിച്ചതോടെയാണ് ഡീ കമ്മീഷൻ ചെയ്തത്.  വൈകുന്നേരം 3.15ഓടെയാണ് കൂറ്റൻ വിമാനവും വഹിച്ചുകൊണ്ടുള്ള ട്രെയിലർ റോഡിലിറങ്ങിയത്. ഒരു സൈക്കിൾ യാത്രക്കാരൻ സൈക്കിൾ നിർത്തി വിമാനത്തിന്റെ ഫോട്ടോ എടുക്കവെ കാറിടിച്ച് അദ്ദേഹത്തിന് പരിക്കേറ്റു. മറ്റ് നിരവധി ചെറിയ അപകടങ്ങളുമുണ്ടായതായി പൊലീസുകാർ പറ‌ഞ്ഞു.