വനം വകുപ്പ് ഓഫീസിലെ കഞ്ചാവ് കൃഷി; റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതെന്ന സൂചനയുമായി ഫോറസ്റ്റ് റസ്ക്യു വാച്ചർ

വനം വകുപ്പ് ഓഫീസിലെ കഞ്ചാവ് കൃഷി; റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതെന്ന സൂചനയുമായി ഫോറസ്റ്റ് റസ്ക്യു വാച്ചർ

കോട്ടയം: പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിൽ ജീവനക്കാർ കഞ്ചാവ് ചെടികൾ വളർത്തിയെന്ന റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതാണെന്ന സൂചനയുമായി ഫോറസ്റ്റ് റസ്ക്യു വാച്ചർ. ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ബിആര്‍ ജയനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി ആരോപണ വിധേയനായ വാച്ചർ രംഗത്തെത്തി. ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ഭീഷണിപ്പെടുത്തി കള്ളത്തെളിവുണ്ടാക്കുക ആയിരുന്നുവെന്നാണ് ഫോറസ്റ്റ് വാച്ചർ അജേഷ് പ്രതികരിച്ചത്.

തനിക്കെതിരെ പരാതി നല്‍കിയവരെ പേടിപ്പിക്കാനെന്ന പേരിലാണ് ഓഫീസില്‍ കഞ്ചാവ് കൃഷി നടന്നെന്ന് ജയന്‍ തന്നെക്കൊണ്ട് പറയിച്ചത്. എന്നാല്‍, ഈ മൊഴി ഉപയോഗിച്ച് മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നുവെന്ന് ഫോറസ്റ്റ് വാച്ചർ അജേഷ് പറയുന്നു. ജയന്‍ പഠിപ്പിച്ച കാര്യങ്ങളാണ് പറഞ്ഞതെന്നും വെള്ളക്കടലാസില്‍ തന്‍റെ ഒപ്പ് രേഖപ്പെടുത്തി വാങ്ങിയിരുന്നെന്നും അജേഷ് വെളിപ്പെടുത്തി. അജേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് ഓഫീസിൽ കഞ്ചാവ് കൃഷി നടന്നെന്ന റിപ്പോർട്ട് ജയൻ സമർപ്പിച്ചത്.

ജയന്റെ സ്ഥലം മാറ്റ ഉത്തരവ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് കഞ്ചാവ് കൃഷി സംബന്ധിച്ച റിപ്പോർട്ട് നൽകിയതെന്ന് വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. 40 ഉദ്യോഗസ്ഥർ ജോലി ചെയ്യുന്ന ഓഫീസിൽ കഞ്ചാവ് വളർത്തിയെന്ന വിശ്വസനീയമല്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നത്. കഞ്ചാവ് പരാതി റിപ്പോർട്ട് ചെയ്ത തീയതികളിലും പൊരുത്തക്കേടുണ്ട്. ഈ മാസം 16 തിയ്യതിയെന്ന ഡേറ്റ് വെച്ചാണ് ജയൻ റിപ്പോർട്ട് നൽകിയത്. ഈ മാസം 19 നാണ് ജയന് സ്ഥലം മാറ്റി ഉത്തരവ് വന്നത്. ഇതിന് ശേഷം 21-ാം തിയ്യതിയാണ് റിപ്പോർട്ട് ഉദ്യോഗസ്ഥർക്ക് 16 തിയ്യതിയുടെ ഡേറ്റിട്ട റിപ്പോർട്ട് നൽകുന്നത്.

ജയനെതിരെ പരാതി നൽകിയ വനിതാ ഉദ്യോഗസ്ഥരുടെ പേര് അടക്കം ഈ കഞ്ചാവ് വളർത്തലിനെ കുറിച്ചുളള റിപ്പോർട്ടിലുണ്ട്. തെളിവായി കഞ്ചാവ് ചെടിയുടെ ചിത്രങ്ങൾ ചില മാത്രമാണ് ജയൻ നൽകിയത്. ജയൻ നിർബന്ധിച്ച് മൂന്ന് വെള്ളക്കടലാസുകളിൽ ഒപ്പിട്ട് വാങ്ങിയിരുന്നതായി പ്ലാച്ചേരി ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്റെ മൊഴിയും ഉന്നത ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. മുമ്പ് കഞ്ചാവ് കേസിൽ പ്രതിയായിരുന്ന പ്രാദേശിക രാഷ്ട്രീയ പ്രവർത്തകന്റെ പങ്കും അന്വേഷിക്കുന്നു.