ബംഗളൂരു രാമേശ്വരം കഫേയില്‍ നടന്നത് ബോംബ് സ്‌ഫോടനം; സ്ഥിരീകരിച്ച് കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു രാമേശ്വരം കഫേയില്‍ നടന്നത് ബോംബ് സ്‌ഫോടനം; സ്ഥിരീകരിച്ച് കര്‍ണാടക സര്‍ക്കാര്‍ബംഗളൂരു രാമേശ്വരം കഫേയില്‍ ഇന്ന് ഉച്ചയ്ക്ക് സംഭവിച്ച പൊട്ടിത്തെറി ബോംബ് സ്‌ഫോടനമാണെന്ന് സ്ഥിരീകരിച്ച് കര്‍ണാടക സര്‍ക്കാര്‍. തീവ്രത കുറഞ്ഞ ഐഇഡി സ്‌ഫോടനമാണ് സംഭവിച്ചതെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സ്‌ഫോടനത്തില്‍ ഭക്ഷണം കഴിക്കാനെത്തിയ ഒരാളിനും മൂന്ന് ജീവനക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ബംഗളൂരു വൈറ്റ് ഫീല്‍ഡില്‍ സ്ഥിതി ചെയ്യുന്ന രാമേശ്വരം കഫേയിലാണ് സ്‌ഫോടനമുണ്ടായത്. പാചക വാതക ഗ്യാസ് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം സംഭവിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഒരാളെ ബാഗുമായി കണ്ടെന്ന് പൊലീസ് പറയുന്നു.

പൊലീസിന് പുറമേ എന്‍ഐഎ സംഘവും ബോംബ് സ്‌ക്വാഡും ഉള്‍പ്പെടെയുള്ള വിവിധ അന്വേഷണ ഏജന്‍സികള്‍ സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു.