കണ്ണൂർ വിമാനത്താവളത്തിൽ ഇനി സൗജന്യ പാർക്കിങ് ഇല്ല

കണ്ണൂർ വിമാനത്താവളത്തിൽ ഇനി സൗജന്യ പാർക്കിങ് ഇല്ല


മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്തിൽ സൗജന്യ വാഹന പാർക്കിങ് ഇനിയില്ല. പുതിയ പരിഷ്കരണം ഇന്ന് അർധ രാത്രി മുതൽ നിലവിൽ വരും. 2025 മാർച്ച് 31 വരെയാണ് ബാധകം. വാഹനങ്ങൾ ടോൾ ബൂത്ത് കടന്ന് അകത്തേക്ക് പ്രവേശിച്ചതിന് ശേഷമുള്ള 15 മിനിറ്റ് സൗജന്യ പാർക്കിങ് ഒഴിവാക്കി. ഇരുചക്രവാഹനങ്ങൾ രണ്ട് മണിക്കൂർ വരെ പാർക്ക് ചെയ്യുന്നതിന് 15 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും പത്ത് രൂപ വീതം ഈടാക്കും. ഓട്ടോറിക്ഷകൾ ആദ്യ രണ്ട് മണിക്കൂർ പാർക്ക് ചെയ്യുന്നതിന് 20 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും 10 രൂപയാണ് അധിക ചാർജ്.

കാർ, ജീപ്പ് തുടങ്ങിയവക്ക് ആദ്യ രണ്ട് മണിക്കൂറിന് 50 രൂപയും ശേഷം ഓരോ മണിക്കൂറും 20 രൂപ വീതം അടക്കണം. ടെംപോ, മിനി ബസ് എന്നിവക്ക് ആദ്യ രണ്ട് മണിക്കൂറിൽ 100 രൂപയും തുടർന്ന് ഓരോ മണിക്കൂറിലും 20 രൂപയുമാണ് കൂടുതൽ ഈടാക്കുന്നത്. ബസ് അടക്കമുള്ള വലിയ വാഹനങ്ങൾക്ക് ആദ്യ രണ്ട് മണിക്കൂർ വരെ 120 രൂപയും പിന്നീട് ഓരോ മണിക്കൂറിനും 20 രൂപ വീതം അടക്കണം.‬‎