
ദില്ലി: ദില്ലി മദ്യനയക്കേസിൽ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഫോൺ പരിശോധിക്കാൻ ആപ്പിൾ കമ്പനിയെ സമീപിച്ച് ഇഡി. ഫോണിന്റെ പാസ്‍വേർഡ് നൽകാൻ കെജ്രിവാൾ തയ്യാറാകുന്നില്ലെന്ന് ഇഡി അറിയിച്ചു. എന്നാൽ, പാർട്ടി വിവരങ്ങൾ ചോർത്താനാണ് ഇഡി നോക്കുന്നതെന്ന് എഎപി ആരോപിച്ചു.
എല്ലാ അംഗീകാരവും നേടിയാണ് നയം നടപ്പാക്കിയതെന്നും സിബിഐ കുറ്റപത്രത്തിൽ താൻ പ്രതിയല്ല,സാക്ഷികളെ ഭീഷണിപ്പെടുത്തിയാണ് ഇഡി നടപടിയെന്നും കെജ്രിവാള്‍ കോടതിയില്‍ പറഞ്ഞിരുന്നു. 200 സാക്ഷികളെ ഇതുവരെ വിളിപ്പിച്ചു, സാക്ഷികളുടെ മക്കളെ അടക്കം അറസ്റ്റ് ചെയ്യുമെന്ന് ഇ ഡി ഭീഷണി മുഴക്കി, നൂറ് കോടിയുടെ അഴിമതിയെങ്കിൽ പണം എവിടെ എന്നും കെജ്രിവാള്‍ ചോദിച്ചു.
അഭിഭാഷകനെ മറികടന്ന് കെജ്രിവാള്‍ തന്നെ നേരിട്ട് സംസാരിക്കാൻ തുടങ്ങിയതോടെ ഇഡി ഇടഞ്ഞു. കെജ്രിവാള്‍ ഷോ കാണിക്കുകയാണെന്നും മുഖ്യമന്ത്രി ആയതിനാല്‍ അല്ല, അഴിമതി നടത്തിയതിനാലാണ് അറസ്റ്റ് ചെയ്തതെന്നും ഇഡി കോടതിയില്‍ പറഞ്ഞു. ഇതിനിടെ കെജ്രിവാളിന് സമയപരിധിയുണ്ട് സംസാരിക്കാനെന്ന് കോടതി ഓര്‍മ്മിപ്പിച്ചു.
ഇതിനിടെ, ആദായ നികുതി നോട്ടീസിനെതിരെ സുപ്രീംകോടതിയെ അടിയന്തരമായി സമീപിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. 1,700 കോടിയുടെ ആദായ നികുതി നോട്ടീസാണ് പുതുതായി കോണ്‍ഗ്രസിന് കിട്ടിയത്. ഇതോടെ ആകെ 3,567 കോടി നികുതി അടയ്ക്കാനാണ് നിർദ്ദേശമെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി