മട്ടന്നൂരിൽ ഹാപ്പിനസ് കോംപ്ലക്‌സ് സ്ഥാപിക്കും

മട്ടന്നൂരിൽ ഹാപ്പിനസ് കോംപ്ലക്‌സ് സ്ഥാപിക്കും.


മട്ടന്നൂർ: നഗരസഭ, ഉദയ സ്‌പോർട്‌സ് ക്ലബ്, മട്ടന്നൂർ ലയൺസ് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ മട്ടന്നൂരിൽ ഹാപ്പിനസ് കോംപ്ലക്‌സ് സ്ഥാപിക്കും. ജലസേചന വകുപ്പിൽ നിന്ന് ലഭിച്ച മട്ടന്നൂർ കനാൽക്കരയിലെ സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്. ഫ്‌ളഡ്‌ലൈറ്റ് സൗകര്യത്തോടു കൂടിയ വോളിബോൾ കോർട്ട്, കുട്ടികൾക്കുള്ള കളിയുപകരണങ്ങളോടു കൂടിയ പാർക്ക്, നടപ്പാത, ഓപ്പൺ ജിംനേഷ്യം, പൂന്തോട്ടം, ദീപാലങ്കാരം തുടങ്ങിയവയാണ് കോംപ്ലക്‌സിന്റെ ഭാഗമായി നിർമിക്കുക.

20 ലക്ഷത്തോളം രൂപ ചെലവ് കണക്കാക്കുന്ന പദ്ധതിക്കായി നഗരസഭയുടെ വാർഷിക പദ്ധതിയിൽ അഞ്ചുലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ബാക്കി തുക പൊതുജനങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും ലഭിക്കുന്ന സംഭാവന വഴി സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രവർത്തനങ്ങൾക്കായി നഗരസഭാ ചെയർമാൻ എൻ.ഷാജിത്ത് ചെയർമാനും ഉദയ ക്ലബ്, ലയൺസ് ക്ലബ് ഭാരവാഹികളും ഉൾപ്പെടുന്ന ഒരു കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്.

വോളിബോൾ ഉൾപ്പടെയുള്ള കായികമേഖലയിൽ മട്ടന്നൂരിന്റെ പാരമ്പര്യം തിരികെപ്പിടിക്കാനും വിനോദ-വിജ്ഞാന-കായിക വികസനത്തിനും സഹായിക്കുന്ന പദ്ധതിയുമായി എല്ലാവരും സഹകരിക്കണമെന്ന് നഗരസഭാ ചെയർമാൻ എൻ.ഷാജിത്ത് പത്രസമ്മേളനത്തിൽ അഭ്യർഥിച്ചു.

ഉദയ ക്ലബ്ബ് പ്രസിഡന്റ് എം.സി.കുഞ്ഞമ്മദ്, ലയൺസ് ക്ലബ് പ്രസിഡന്റ് സി.ഷൈനിത്ത് കുമാർ, നഗരസഭാ സ്ഥിരം സമിതി ചെയർമാൻ വി.കെ.സുഗതൻ, കൗൺസിലർമാരായ പി.രാഘവൻ, എ.മധുസൂദനൻ തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു