തിരുവനന്തപുരം: തകർച്ചയുടെയും കടത്തിന്റെയും വാരികുഴിയിൽ നിന്നും റൂട്ട് റാഷണലൈസേഷനിലൂടെ  പുതുജീവൻവെച്ച് കെഎസ്ആർടിസി. യാത്രക്കാർ കുറവുള്ള സർവീസുകൾ ഒഴിവാക്കുക, തിരക്കേറിയ സമയത്ത് കൂടുതൽ സർവീസുകൾ നടത്തുക, നിലവിൽ കട്ടപ്പുറത്തുള്ള ബസുകൾ കൂടി നിരത്തിലിറക്കുക  തുടങ്ങിയവയാണ് റൂട്ട് റാഷണലൈസേഷൻ കൊണ്ട് ഉദശിക്കുന്നത്. തിരുവനന്തപുരത്ത് പരീക്ഷിച്ച് വിജയിച്ചതിനു പിന്നാലെ കൊല്ലം, പത്തനംതിട്ട എന്നീ രണ്ട് ജീല്ലകളിലായി നടപ്പാക്കിയ പദ്ധതിയിലൂടെ ഒരുദിവസം 3.66 ലക്ഷം രൂപയാണ് കോർപറേഷന് ലാഭിക്കാൻ കഴിഞ്ഞത്. 

റൂട്ട് റാഷണലൈസേഷൻ രണ്ടാംഘട്ടം അതിവേഗമാണ് കെഎസ്ആർടിസി പൂർത്തിയാക്കിയത്. ഡെഡ് കിലോമീറ്റർ ഒഴിവാക്കിയതിലൂടെ മാത്രമാണ് കൊല്ലം,പത്തനംതിട്ട ജില്ലകളിൽ ഒരു ദിവസത്തെ ചെലവിൽ 3.66 ലക്ഷം രൂപ ലാഭിക്കാൻ കഴിഞ്ഞതെന്നാണ് ശ്രദ്ധേയം. കെബി ഗണേഷ് കുമാർ ഗതാഗത വകുപ്പ് മന്ത്രിയായി ചാർജ്ജ് എടുത്ത ശേഷം അവതരിപ്പിച്ച റൂട്ട് റാഷണലൈസേഷൻ അടക്കമുള്ള പരിഷ്‌കാരങ്ങൾ വകുപ്പിനും മാത്രിക്കുമെതിരെ വ്യാപക വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. അധികാരത്തിലേറി ആഴ്ചകൾക്കുള്ളിൽ നടത്തിയ  പ്രഖ്യാപനങ്ങൾ മുന്നണിക്കുള്ളിൽ നിന്നും പൊതു ജനങ്ങളിൽ നിന്നും വലിയ എതിർപ്പിനും ഇടയാക്കിയിരുന്നു.