കളിച്ചുകൊണ്ടിരിക്കെ കാണാതായി, തൊട്ടടുത്തുള്ള കുഴൽകിണറിൽ നിന്ന് കരച്ചിൽ; 2 വയസുകാരനായി പ്രാർത്ഥനയോടെ നാട്


കളിച്ചുകൊണ്ടിരിക്കെ കാണാതായി, തൊട്ടടുത്തുള്ള കുഴൽകിണറിൽ നിന്ന് കരച്ചിൽ; 2 വയസുകാരനായി പ്രാർത്ഥനയോടെ നാട്


കർണാടകയിൽ കുഴൽക്കിണറിൽ വീണുപോയ രണ്ട് വയസുകാരെ രക്ഷിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. കുട്ടി ഏകദേശം 16 അടി താഴ്ചയിലാണുള്ളതെന്നും തലകീഴായാണ് കിണറിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതെന്നും അധികൃത‍ർ കണ്ടെത്തിയിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരമാണ് കുട്ടി കുഴൽ കിണറിൽ വീണതെന്നാണ് നിഗമനം. വിജയപുര ജില്ലയിലെ ഇൻഡി താലൂക്കിൽ ഉൾപ്പെടുന്ന ലചായൻ ഗ്രാമത്തിലാണ് സംഭവം.

വീടിന് സമീപം കളിക്കാനായി പോയിരുന്ന കുട്ടി കിണറിൽ വീണതാവാമെന്നാണ് പൊലീസ് കരുതുന്നത്. പിന്നീട് കുട്ടിയുടെ കരച്ചിൽ കേട്ട പ്രദേശ വാസിയാണ് നാട്ടുകാരെയും പ്രദേശത്തെ വീടുകളിലും വിവരമറിയിച്ചത്. വൈകുന്നേരം 6.30ഓടെ രക്ഷാപ്രവ‍ർത്തനം തുടങ്ങി. പൊലീസ്, റവന്യൂ വകുപ്പ്, താലൂക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ, ഫയ‍ർഫോഴ്സ് തുടങ്ങിയവയിൽ നിന്നുള്ള സംഘങ്ങളെല്ലാം സ്ഥലത്തുണ്ട്. ഏതാണ്ട് 16 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിക്കിടക്കുന്നതെന്നാണ് കരുതുന്നതെന്ന് ഒരു ഉന്നത് പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

രാത്രിയിലും രക്ഷാപ്രവ‍ർത്തനം പുരോഗമിക്കുകയാണ്. ഇത് തുടരുന്നതിനിടെ പിന്നീട് കുട്ടിയുടെ ശബ്ദം കേൾക്കാതെയായെങ്കിലും ചലനം  കണ്ടെത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു. പൈപ്പിലൂടെ കിണറിനുള്ളിലേക്ക് ഓക്സിജൻ നൽകുന്നുണ്ട്. ചലനവും നിരീക്ഷിക്കാൻ സാധിക്കുന്നു. കുട്ടിയെ രക്ഷിക്കാൻ സാധ്യമാവുന്ന എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് ശ്രമം തുടരുന്നതായാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.