മോഷണത്തിന് വിമാനത്തിൽ പറന്നിറങ്ങും; നഗരങ്ങളിൽ ചുറ്റിത്തിരിഞ്ഞ് ചെറുതും വലുതുമായി ജുവല്ലറികളിൽ കയറിയിറങ്ങും; സൂത്രത്തിൽ സ്വർണാഭരണങ്ങൾ കൈക്കലാക്കി മുങ്ങും; സ്വർണം വിറ്റുകിട്ടുന്ന പണം കൊണ്ട് ആഡംബര ജീവിതം; 'മോഷണ കുടുംബത്തെ' വലയിലാക്കിയത് കേരളാ പൊലീസിന്റെ തന്ത്രങ്ങൾ

മോഷണത്തിന് വിമാനത്തിൽ പറന്നിറങ്ങും; നഗരങ്ങളിൽ ചുറ്റിത്തിരിഞ്ഞ് ചെറുതും വലുതുമായി ജുവല്ലറികളിൽ കയറിയിറങ്ങും; സൂത്രത്തിൽ സ്വർണാഭരണങ്ങൾ കൈക്കലാക്കി മുങ്ങും; സ്വർണം വിറ്റുകിട്ടുന്ന പണം കൊണ്ട് ആഡംബര ജീവിതം; 'മോഷണ കുടുംബത്തെ' വലയിലാക്കിയത് കേരളാ പൊലീസിന്റെ തന്ത്രങ്ങൾ


കൊച്ചി: വിമാനത്തിൽ പറന്നിറങ്ങി മോഷണം നടത്തി മടങ്ങുന്ന മോഷണ സംഘത്തെ തന്ത്രത്തിൽ വലയിലാക്കി കേരളാ പൊലീസ്. മഹാരാഷ്ട്ര സ്വദേശികളായ മോഷണ സംഘത്തെയാണ് കൊച്ചി പൊലീസ് സമർത്ഥമായി വലയിലാക്കിയത്. കേരളത്തിലെ ചെറുതും വലുതുമായി ജുവല്ലറികലെ ഉന്നം വെച്ചു മോഷ്ടിക്കുന്ന സംഘത്തെയാണ് പൊലീസ് പൊക്കിയത്.

നഗരത്തിലെ ചെറുതും വലുതുമായ ജൂവലറികളിൽ കയറിയിറങ്ങി സൂത്രത്തിൽ ആഭരണങ്ങൾ കൈക്കലാക്കും. ഒരുവിധം ആഭരണങ്ങളാകുമ്പോൾ ആ സ്ഥലംവിടും. ഈ സ്വർണം വിറ്റ് ആഡംബര ജീവിതം നയിക്കുന്നതാവാണ് പിടിയിലായത്. മറ്റ് സംസ്ഥാനങ്ങളിൽ വിജയിച്ച അടവുമായി കേരളത്തിലെത്തിയ 'ചോരി ഫാമിലി'യെ പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളിൽ ഇരുമ്പഴിക്കുള്ളിലെത്തിച്ചത് കളമശ്ശേരി പൊലീസാണ്.

മഹാരാഷ്ട്ര പൂണെ സിറ്റി യെവാഡ സ്വദേശികളായ അശ്വിൻ വിജയ് സോളങ്കി (44), ജോത്സന സൂരജ് കച്ചവേ (30), മഹാരാഷ്ട്ര സോളപൂർ സ്വദേശിനി സുചിത്ര കിഷോർ സലുൻഖേ (52), മഹാരാഷ്ട്ര താനേ സ്വദേശിനി ജയ സച്ചിൻ ബഡ്ഗുജാർ (42) എന്നിവരാണ് അറസ്റ്റിലായത്. പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളിൽ പ്രതികളെ പൊലീസ് വലയിലാക്കി. കളമശേരി, എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ പരിധികളിലെ ജുവലറികളിലാണ് കവർച്ച നടത്തിയത്.

കളമശേരിയിൽ നിന്ന് 66,000 രൂപയുടെ ആഭരണവും എം.ജി റോഡിലെ ജൂവലറിയിൽ നിന്ന് 1.85 ലക്ഷം രൂപയുടെ സ്വർണമാലയുമാണ് തട്ടിയത്. ആഭരണങ്ങൾ കണ്ടെടുത്തു. മോഷണ സംഘം ഒരു കുടുംബംപോലെയാണ് കഴിഞ്ഞിരുന്നത്. മഹാരാഷ്ട്ര, ആന്ധ്രാ എന്നിവിടങ്ങളിൽ ഇവർക്കെതിരെ കേസുണ്ട്. അശ്വിൻ വിജയ് സോളങ്കിരണ്ട് മാസം മുമ്പാണ് മോഷണക്കേസിൽ ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയത്. ആഡംബര കുടുംബമെന്ന് തോന്നിപ്പിക്കും വിധമാണ് ഇവർ ജുവലറികളിൽ എത്തുക.

ഇംഗ്ലീഷടക്കം വിവിധ ഭാഷകളിൽ പ്രാവീണ്യമുണ്ട്.കേരളത്തിൽ വിനോദസഞ്ചാരത്തിന് എത്തിയതാണെന്നും ഗുണനിലവാരമുള്ള സ്വർണാഭരണങ്ങൾ വാങ്ങാൻ താത്പര്യമുണ്ടെന്നാണ് ഇവർ ജുവലറിജീവനക്കാരെ വിശ്വസിപ്പിച്ചത്. തുടർന്ന് ആഭരണങ്ങൾ ഓരോന്നായി നോക്കി. ഇതിനിടെ സൂത്രത്തിൽ ഒരെണ്ണം ബാഗിലാക്കി. തുടർന്ന് ആവശ്യമുള്ള മോഡൽ ഇല്ലെന്ന് പറഞ്ഞ് സ്ഥലം കാലിയാക്കി. മാല നഷ്ടപ്പെട്ടെന്ന് ഉറപ്പായതോടെ ജീവനക്കാർ സി.സി.ടിവി പരിശോധിച്ചപ്പോഴാണ് കവർച്ച തിരിച്ചറിഞ്ഞത്.

ഉടൻ പൊലീസിൽ പരാതിപ്പെട്ടു. കളമശേരി സിഐ ജി. പ്രതീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തൃശൂരിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. നാല് പേരെയും കോടതി റിമാൻഡ് ചെയ്തു. വിമാനമിറങ്ങി തൊട്ടടുത്ത് തന്നെ റൂമെടുക്കും. ഇവിടെ നിന്ന് 40-50 കിലോ മീറ്റർ മാറിയേ ഇവർ മോഷണം നടത്തേണ്ട ജുവലറി തിരഞ്ഞെടുക്കൂ. പൊലീസ് അന്വേഷണം തങ്ങളിലേക്ക് എത്തിക്കാതിരിക്കാനാണ് ഈവിധം ചെയ്യുന്നത്.

എല്ലാ സംസ്ഥാനങ്ങളിലെയും പൊലീസ് ഉദ്യോഗസ്ഥരടങ്ങുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പാണ് ഇന്ത്യൻ പൊലീസ് ഗ്രൂപ്പ് (ഐ.പി.ജി). കുറ്റാന്വേഷണങ്ങളിൽ പരസ്പര സഹകരണമാണ് ലക്ഷ്യം. സി.സി.ടിവിയിൽ നിന്ന് ലഭിച്ച ചിത്രങ്ങൾ ഗ്രൂപ്പിൽ പങ്കുവച്ച് നിമിഷങ്ങൾക്കകം പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് കിട്ടി. വിമാനമാർഗമേ ഇവർ യാത്ര ചെയ്യാറുള്ളുവെന്ന വിവരവും പ്രതികളിൽ ഒരാളുടെ ഫോൺ നമ്പർകൂടി ലഭിച്ചതോടെ പൊലീസിന് കാര്യങ്ങൾ എളുപ്പമായി. തൃശൂരിൽ മോഷണത്തിന് തയ്യാറെടുക്കവെയായിരുന്നു അറസ്റ്റ്