ഹറമിൽ ഫോട്ടോ,വീഡിയോകൾ ചിത്രീകരിക്കുന്നവർ മര്യാദ പാലിക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം

ഹറമിൽ ഫോട്ടോ,വീഡിയോകൾ ചിത്രീകരിക്കുന്നവർ മര്യാദ പാലിക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം

മക്ക- വിശുദ്ധ ഹറമിൽ ഫോട്ടോകളെടുക്കുന്നവരും വീഡിയോകൾ ചിത്രീകരിക്കുന്നവരും മര്യാദകൾ പാലിക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. ഫോട്ടോകളും വീഡിയോകളുമെടുക്കാൻ ചെലവഴിക്കുന്ന നിമിഷങ്ങൾ പ്രാർഥനകൾക്കും
സ്തു‌തികീർത്തനങ്ങൾക്കും ഉപയോഗപ്പെടുത്തണം. ഫോട്ടോകളെടുക്കാനും വീഡിയോ ചിത്രീകരിക്കാനും സമയം കളയരുത്. ഫോട്ടോകളും വീഡിയോകളുമെടുക്കുമ്പോൾ മറ്റുള്ളവരുടെ സ്വകാര്യത മാനിക്കണം. മറ്റുള്ളവരുടെ സുഗമമായ നീക്കങ്ങൾക്ക് തടസ്സമുണ്ടാക്കി ഹറമിൽ തിക്കും തിരക്കുമുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കണം. ഹറമിലെ സാന്നിധ്യം ആയുസ്സിലെ ഏറ്റവും അമൂല്യമായ നിമിഷങ്ങളാണ്. ഫോട്ടോകളെടുക്കുന്നതിലും വീഡിയോ ചിത്രീകരിക്കുന്നതിലും മുഴുകി ഈ സമയം പാഴാക്കരുതെന്നും ഹജ്, ഉംറ മന്ത്രാലയം തീർഥാടകരെ ഉണർത്തി. തങ്ങളെയും മറ്റുള്ളവരെയും വൈറൽ രോഗങ്ങളിൽ നിന്നും ശ്വാസകോശ സംബന്ധമായ അണുബാധകളിൽ നിന്നും സംരക്ഷിക്കാൻ ഉംറ കർമത്തിനിടെ മാസ്‌കുകൾ ധരിക്കാൻ തീർഥാടകർ പ്രത്യേകം ശ്രദ്ധിക്കണം. തീർഥാടകർ തിക്കുംതിരക്കും ഒഴിവാക്കുകയും പരോപകാരികളാവുകയും വേണം. യാത്രാ സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ സ്ത്രീകൾക്കും രോഗികൾക്കും പ്രായമായവർക്കും മുൻഗണന നൽകണമെന്നും ഹജ്, ഉംറ മന്ത്രാലയം
ആവശ്യപ്പെട്ടു.
അതേസമയം, തീർഥാടകരുടെ സുഗമമായ നീക്കം ഉറപ്പാക്കുന്നതിന്, വിശുദ്ധ കഅ്ബാലയത്തോട് ചേർന്ന മതാഫിൽ നമസ്കാരം നിർവഹിക്കരുതെന്ന് പൊതുസുരക്ഷാ വകുപ്പ് തീർഥാടകരോട് ആവശ്യപ്പെട്ടു. മതാഫിലെ നമസ്കാരം തീർഥാടകരുടെ നീക്കത്തിന് പ്രതിബന്ധം സൃഷ്ട‌ിക്കും. ഹറമിൽ വീൽചെയറുകൾ ഉപയോഗിക്കുന്നവർ വീൽചെയറുകൾക്ക് പ്രത്യേകം നിശ്ചയിച്ച ട്രാക്കുകൾ പാലിക്കണമെന്നും പൊതുസുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടു.