എസ്.ഡി.പി.ഐ പിന്തുണ യു.ഡി.എഫ് സ്വീകരിക്കില്ല

.


എസ്.ഡി.പി.ഐ പിന്തുണ യു.ഡി.എഫ് സ്വീകരിക്കില്ല




തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ പിന്തുണ സ്വീകരിക്കേണ്ടെന്ന് യു.ഡി.എഫ് തീരുമാനം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി ആക്ടിങ് പ്രസിഡന്‍റ് എം.എം. ഹസ്സൻ എന്നിവർ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 


വോട്ട് ചെയ്യുന്നത് വ്യക്തിപരമായ കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ആളുകൾക്ക് ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യാം. എല്ലാ വർഗീയതയെയും എതിർക്കുന്നതാണ് യു.ഡി.എഫ് നയം. എസ്.ഡി.പി.ഐ പോലുള്ള സംഘടനകളുടെ പിന്തുണയുടെ കാര്യത്തിൽ തീരുമാനം ഇതാണെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. 



മുഖ്യമന്ത്രിയും ബി.ജെ.പിയും വീണ്ടും ഒക്കച്ചങ്ങാതിമാരായി മാറിയിരിക്കുകയാണെന്ന് സതീശൻ പറഞ്ഞു. വയനാട്ടിൽ രാഹുൽ ഗാന്ധി പ്രചാരണത്തിന് വന്നപ്പോൾ പതാകയുണ്ടായിരുന്നില്ലെന്നാണ് മുഖ്യമന്ത്രിയുടെ പരാതി. ഞങ്ങൾ എങ്ങനെ പ്രചാരണം നടത്തണമെന്ന് മുഖ്യമന്ത്രി പഠിപ്പിക്കേണ്ട. എ.കെ.ജി സെന്‍ററിൽ നിന്ന് തീരുമാനിക്കുന്നതല്ല ഞങ്ങളുടെ പ്രചാരണ രീതി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പതാക വിവാദം ഉണ്ടാക്കിയത് ബി.ജെ.പിയാണ്. ഇത്തവണ ഈ വിവാദം ഉണ്ടാക്കാൻ ശ്രമിക്കുന്നത് മുഖ്യമന്ത്രിയാണ് ബി.ജെ.പിയെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് അദ്ദേഹം ഇക്കാര്യങ്ങൾ ചെയ്യുന്നതെന്നും വി.ഡി. സതീശൻ ആരോപിച്ചു. ബി.ജെ.പിയെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രി രാഹുൽ ഗാന്ധിക്കെതിരെ നിരന്തരം സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 


എസ്.ഡി.പി.ഐ പിന്തുണ സ്വീകരിക്കേണ്ടെന്നത് യു.ഡി.എഫ് കൈക്കൊണ്ട കൂട്ടായ തീരുമാനമാണെന്ന് എം.എം. ഹസ്സൻ പറഞ്ഞു. എസ്.ഡി.പി.ഐ പിന്തുണ പ്രഖ്യാപിച്ചപ്പോൾ തന്നെ, ആലോചിച്ച് മറുപടി പറയാമെന്നാണ് പറഞ്ഞത്. എന്നാൽ, ഞങ്ങൾ പിന്തുണ സ്വീകരിച്ച പോലെയാണ് സി.പി.എം സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെയുമെല്ലാം പ്രസ്താവനകൾ. കഴിഞ്ഞ തവണ ബി.ജെ.പിയാണ് പതാക വിഷയം വിവാദമാക്കിയതെങ്കിൽ ഇത്തവണ സി.പി.എമ്മാണ് വിവാദമാക്കിയതെന്നും എം.എം. ഹസ്സൻ പറഞ്ഞു.