അക്ഷരശ്ലോക പ്രേമികൾക്ക് കൂട്ടാകാൻ രണ്ട് പുസ്തകങ്ങളുമായി കൃഷ്ണൻ മാസ്റ്റർ

അക്ഷരശ്ലോക പ്രേമികൾക്ക് കൂട്ടാകാൻ രണ്ട് പുസ്തകങ്ങളുമായി കൃഷ്ണൻ മാസ്റ്റർ 


ഇരിട്ടി: അക്ഷര ശ്ലോക പ്രേമികൾക്കും അക്ഷരശ്ലോക കല പഠിതാക്കൾക്കും കൂട്ടാകാൻ രണ്ട് പുസ്തകങ്ങളുമായി പായം സ്വദേശിയും  പായം ഗവ. യു പി സ്‌കൂൾ റിട്ട. സംസ്കൃതാധ്യാപകനുമായ  ആർ. കൃഷ്ണൻ മാസ്റ്റർ. ഇദ്ദേഹം ക്രോഡീകരിച്ച് പ്രസിദ്ധീകരിച്ച അക്ഷരശ്ലോക സുധ പൂർണ്ണമായും സംസ്കൃത ശ്ലോകങ്ങൾ കൊണ്ട് സമ്പന്നമാണെങ്കിൽ   രണ്ടാത്തെ പുസ്തകമായ അക്ഷര ശ്ലോക മാലിക മലയാള കവിതാ സാഹിത്യകൃതികളിൽ നിന്നും തപ്പിയെടുത്തവയാണ്. ഓരോ പുസ്തകത്തിലും അ മുതൽ ക്ഷ വരെയുള്ള അക്ഷരങ്ങൾക്ക് നിരവധി ശ്ലോകങ്ങളും കവിതകളും അദ്ദേഹം ഉൾച്ചേർത്തിരിക്കുന്നു. 
കേരള സ്‌കൂൾ കലോത്സവത്തോടനുബന്ധിച്ച് നടക്കുന്ന സംസ്കൃത കലോത്സവത്തിലും പൊതു വിഭാഗത്തിലും അക്ഷരശ്ലോക മത്സരങ്ങൾ നടന്നു വരുന്നു. ഇതിൽ സംസ്കൃത കലോത്സവത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആദ്യം സംസ്കൃത ശ്ലോകങ്ങൾ മാത്രം ഉൾപ്പെടുത്തി അക്ഷരശ്ലോക സുധ എന്ന കൃതി പ്രസിദ്ധീകരിച്ചതെന്ന് കൃഷ്ണൻ മാസ്റ്റർ പറഞ്ഞു. ഈ പുസ്തകത്തിനാവശ്യമായ ശ്ലോകങ്ങളിൽ ഏറെയും എടുത്തിരിക്കുന്നത് കാളിദാസ കൃതികളിൽ നിന്നുമാണ്. എന്നാൽ മറ്റ് കാവ്യങ്ങളിൽ നിന്നും സ്തോസ്ത്ര ഗ്രന്ഥങ്ങളിൽ  നിന്നുമുള്ളവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . തുടർന്നാണ്  കലോത്സവത്തിലെ പൊതു വിഭാഗത്തിലെ അക്ഷരശ്ലോക  മത്സരത്തിൽ  പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കായി ഒരു പുസ്തകം കൂടി തയാറാക്കണമെന്ന ചിന്തയുണ്ടായത്. ഇതാണ്  രണ്ടാമത്തെ പുസ്തകമായ അക്ഷരശ്ലോക മാലികയുടെ ജന്മകാരണമായി മാറിയത്. മലയാളത്തിലെ പ്രശസ്ത കവികളായ ആശാനും, ഉള്ളൂരും , വള്ളത്തോളും, വയലാറും , എ ആറും , കേരളവർമ്മ വലിയ കോയിത്തമ്പുരാനും, മേരിജോൺ കൂത്താട്ടു കുളവും അടക്കം എഴുതിയ കവിതകളിൽ നിന്നുമുള്ള വരികളാണ് ഇതിൽ ഉള്ളടക്കിയിരിക്കുന്നത് . 
നൈസർഗ്ഗിക പ്രതിഭയും പ്രത്യുൽപ്പന്നമതിത്വവും ഭാഷാ പാണ്ഡിത്യവും സമന്വയിപ്പിക്കുന്ന സാഹിത്യ വിനോദമാണ് അക്ഷരശ്ലോകമെന്ന് ഡോ. സി.കെ. മോഹനൻ അക്ഷരശ്ലോക മാലികക്ക് എഴുതിയ  അവതരികയിൽ പറയുന്നു. കാവ്യസാഹിത്യത്തിലെ അവഗാഹമാണ് ഈ വിനോദ കലയെ സുശോഭിതമാക്കുന്നതെന്നും കലയും സാഹിത്യവും ഒരു ജനതയുടെ സ്വത്വത്തിന്റെ സൂചകങ്ങളാണെന്നും അദ്ദേഹം അവതാരികയിൽ കുറിക്കുന്നു. 
കലോത്സവ വേദിയിലെ മത്സരങ്ങൾക്കപ്പുറം ഉത്സവങ്ങളുടെ ഭാഗമായും മറ്റും ഏതാനും ക്ഷേത്ര മുറ്റങ്ങളിലും മറ്റും മാത്രമാണ് ഈ കല അൽപ്പമെങ്കിലും ഇന്ന്  അണിയറക്ക് മുന്നിലേക്ക് വരുന്നത്. പഴയ തലമുറക്കപ്പുറം പുതിയ തലമുറ ഈ കല പഠിക്കാൻ വിമുഖതകാട്ടുന്നു എന്നതും എടുത്തു പറയേണ്ടതാണ്. അതുകൊണ്ടുതന്നെ  അന്യം നിന്നുപോകുന്ന ഒരു കലയായി മാറിക്കൊണ്ടിരിക്കുന്ന അക്ഷരശ്ലോക കലയെ സ്നേഹിക്കുന്നവർക്കും പഠിതാക്കൾക്കും ഒരു വിലപ്പെട്ട കൃതി തന്നെയാണ് കൃഷ്ണൻ മാസ്റ്ററുടെ ഈ രണ്ടു കൃതികളും. 
മലപ്പുറം ജില്ലയിലെ എടക്കര ഗ്രാമത്തിലാണ് കൃഷ്ണൻ മാസ്റ്ററുടെ ജനനം. നിലമ്പൂർ പരിഷത് സംസ്കൃത കോളേജിൽ നിന്നും സംസ്കൃത പഠനം പൂർത്തിയാക്കിയ ശേഷം താനൂർ ദേവധാർ ഹൈസ്‌കൂൾ യു പി യിലും, പുറത്തൂർ പടിഞ്ഞാറേക്കര ഗവ. യുപി, ചാല ഗവ. യു പി സ്‌കൂൾ എന്നിവിടങ്ങളിൽ താത്കാലിക അദ്ധാപകനായി ജോലി ചെയ്തു. തുടർന്നാണ് പായം പഞ്ചായത്തിലെ പായം ഗവ. യു പി സ്‌കൂളിൽ സ്ഥിരനിയമനം ലഭിക്കുന്നത്. 30 വർഷത്തെ സേവനത്തിന് ശേഷം 2009 ൽ വിരമിച്ചു. ഭാര്യ ശാന്തകുമാരിക്കും മക്കൾ അജിത്കുമാർ, അനീഷ് കുമാർ , അംഗിരസ് കുമാർ എന്നിവർക്കൊപ്പം പായത്താണ് താമസം. അക്ഷരശ്ലോക കല പഠിക്കുന്നവർക്ക് ഇതുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ ഏറെയൊന്നും ലഭ്യമല്ലെന്നിരിക്കേ കൃഷ്ണൻ മാസ്റ്ററുടെ പുസ്തകങ്ങൾ ലഭിക്കാൻ 9645596311 എന്ന നമ്പറിൽ  ബന്ധപ്പെടാവുന്നതാണെന്നും മാസ്റ്റർ പറഞ്ഞു.