കൊച്ചിയില്‍ ഫലസ്തീൻ ഐക്യദാർഢ്യ ബോർഡുകൾ വിദേശ വനിതകള്‍ നശിപ്പിച്ചു

കൊച്ചിയില്‍ ഫലസ്തീൻ ഐക്യദാർഢ്യ ബോർഡുകൾ വിദേശ വനിതകള്‍ നശിപ്പിച്ചു



കൊച്ചി: ഫോര്‍ട്ട് കൊച്ചി ജങ്കാര്‍ പരിസരത്ത് സ്ഥാപിച്ചിരുന്ന ഫലസ്തീൻ ഐക്യദാർഢ്യ ബോർഡുകൾ നശിപ്പിച്ച് വിദേശ വനിതകള്‍. വിനോദ സഞ്ചാരത്തിനായി ഫോർട്ട് കൊച്ചിയിൽ എത്തിയ ഇസ്രായേല്‍ അനൂകൂലികളായ രണ്ട് വനിതകളാണ് റോഡരികിലുണ്ടായിരുന്ന ബോര്‍ഡുകള്‍ നശിപ്പിച്ചത്.

വിദ്യാര്‍ഥി സംഘടനയായ എസ്.ഐ.ഒ വെച്ച രണ്ട് ബോര്‍ഡുകളാണ് വിദേശ വനിതകൾ നശിപ്പിച്ചത്. നാട്ടുകാര്‍ ഇത് ചോദ്യം ചെയ്തതോടെ വാക്കുതര്‍ക്കാം ഉണ്ടായി. തുടർന്ന് വനിതകളുടെ നടപടിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതിപ്പെട്ടു. ആദ്യഘട്ടത്തില്‍ പൊലീസ് ഇതിനെതിരെ നടപടിയെടുക്കാന്‍ തയ്യാറായില്ലെന്ന് ആരോപണമുണ്ട്. പിന്നാലെ നാട്ടുകാര്‍ തന്നെ ബോര്‍ഡ് നശിപ്പിച്ചവരെ കണ്ടെത്തിയതോടെയാണ് പൊലീസ് സംഭവത്തിൽ ഇടപെട്ടത്.

എന്നാൽ, തെളിവ് സഹിതം പരാതി നല്‍കിയിട്ടും വനിതകൾക്കെതിരെ കേസെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ഇതിനെതിരെ ഫോര്‍ട്ട് കൊച്ചി പൊലീസ് സ്റ്റേഷന് മുന്നില്‍ എസ്.ഐ.ഒയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.