മാലൂരിലെ തൃക്കടാരിപ്പൊയിലിലെ വിവിധ ഭാഗങ്ങളിൽ അഞ്ചുപേർക്ക് തെരുവുനായയുടെ കടിയേറ്റു

മാലൂരിൽ അഞ്ചുപേർക്ക് തെരുവുനായയുടെ കടിയേറ്റു


മാലൂർ: മാലൂരിലെ തൃക്കടാരിപ്പൊയിലിലെ വിവിധ ഭാഗങ്ങളിൽ അഞ്ചുപേർക്ക് തെരുവുനായയുടെ കടിയേറ്റു. പരിക്കേറ്റവർ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആസ്പത്രിയിലും തലശ്ശേരി ജനറൽ ആശുപത്രിയിലും ചികിത്സ തേടി. ശനിയാഴ്ച രാവിലെ വീട്ടിൽനിന്ന് മദ്രസയിലേക്ക് റോഡിലൂടെ നടന്നുപോകവേ എസ്റ്റേറ്റ് പടിക്കലിൽനിന്ന് മുഹമ്മദ് അമാനെ (10) നായ കടിച്ചു.

ഇടതു കൈക്കും വിരലിനും പരിക്കേറ്റ അമാനെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വിരൽ അറ്റുതൂങ്ങിയ നിലയിലായിരുന്നു. കൈക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. പനമ്പറ്റ ന്യു യു.പി. സ്കൂൾ ആറാംതരം വിദ്യാർഥിയാണ് മുഹമ്മദ് അമാൻ.


തൃക്കടാരിപ്പൊയിൽ-ചെമ്മരം റോഡിൽ കാട്ടിൽപുര വീട്ടിൽ താഹിറയെ (38) വീട്ടുമുറ്റത്തുനിന്നാണ് നായ കാലിന്‌ കടിച്ചത്. ആദ്യം തലശ്ശേരി ജനറൽ ആശുപത്രിയിലും തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും ചികിത്സ തേടി. അരിങ്ങോട്ടുവയലിലെ ചെറുകുന്നത്ത് ഹൗസിൽ അനസിന്റെ മകൻ മുഹമ്മദ് തൻവീറിന് (5) വീടിന്റെ വരാന്തയിൽ നിൽക്കുമ്പോഴാണ് നായയുടെ കടിയേറ്റത്. മാലൂർ പനമ്പറ്റ ന്യു യു.പി. സ്കൂൾ എൽ.കെ.ജി. വിദ്യാർഥിയാണ്. പനംപറ്റ സിദ്ദിഖ് മൻസിലിലെ ഖദീജ (68), കട്ടൻ ചന്ദ്രി എന്നിവർക്കും കടിയേറ്റു. ഇവരും ചികിത്സതേടി.


തൃക്കടാരിപ്പൊയിൽ കെ.വി.ടി. ഹൗസിൽ മുഹമ്മദിന്റെ വീട്ടിലെ പശുക്കുട്ടിയെയും തെരുവുനായ കടിച്ചു പരിക്കേൽപ്പിച്ചു