ഇറാൻ്റെ നീക്കം നിയമപരമായ സ്വയം പ്രതിരോധമെന്ന് പ്രസിഡൻ്റ് ഇബ്രാഹിം റൈസി

ഇറാൻ്റെ നീക്കം നിയമപരമായ സ്വയം പ്രതിരോധമെന്ന് പ്രസിഡൻ്റ് ഇബ്രാഹിം റൈസി


ഇറാൻ്റെ നീക്കം നിയമപരമായ സ്വയം പ്രതിരോധമെന്ന് പ്രസിഡൻ്റ് ഇബ്രാഹിം റൈസി. ഇസ്രയേലുമായുള്ള സംഘർഷത്തിൽ പ്രതികരിക്കുകയായിരുന്നു ഇറാൻ പ്രസിഡൻ്റ്. അതേസമയം ആക്രമണത്തെ അപലപിച്ച് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണും സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും രംഗത്തെത്തി. റഷ്യൻ സൂപ്പർസോണിക് മിസൈൽ വാഹിനി മെഡിറ്ററേനിയൻ കടലിലേക്ക് പ്രവേശിച്ചെന്നും എല്ലാ കക്ഷികളും പരമാവധി സംയമനം പാലിക്കണമെന്ന് പാക്കിസ്ഥാൻ്റെ പ്രതികരണം. ആക്രമണത്തിന് തിരിച്ചടി ഉടനുണ്ടാകുമെന്നായിരുന്നു ഇസ്രയേലിൻ്റെ പ്രതികരണം.

അതേസമയം സംഘ‍ർഷത്തിന് പിന്നാലെ ഇസ്രയേലിന്റെ സുരക്ഷയ്ക്കായി ആ​ഗോള ശക്തികൾ രം​ഗത്തെത്തി. കനത്ത തിരിച്ചടി ഉണ്ടാകുമെന്നും ആക്രമണത്തെ നേരിടാന്‍ ഇസ്രയേല്‍ തയ്യാറാണെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചിരുന്നു. ഇസ്രയേലിൻ്റെ സുരക്ഷയ്ക്കായി നിലകൊള്ളുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക് അറിയിച്ചു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ദേശീയ സുരക്ഷാ സംഘവുമായി കൂടിക്കാഴ്ച നടത്തി.

അതിനിടെ ഇസ്രയേലിലെ ഇന്ത്യക്കാർക്ക് എംബസി ജാഗ്രത നിർദ്ദേശം നൽകി. ഇസ്രയേൽ- ഇറാൻ സംഘർഷ സാധ്യത കണക്കിലെടുത്താണ് എംബസിയുടെ നിർദ്ദേശം. ഇസ്രായേലിലുള്ള ഇന്ത്യക്കാരോട് എംബസിയില്‍ രജിസ്റ്റർ ചെയ്യാൻ ഫോം നൽകി. ഇസ്രയേൽ- ഇറാൻ സംഘർഷത്തിൽ കടുത്ത ആശങ്കയാണ് ഇന്ത്യ രേഖപ്പെടുത്തുന്നത്.

മേഖലയുടെ സുരക്ഷയേയും സ്ഥിരതയേയും ബാധിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ സംഭവ വികാസങ്ങളെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സംഘർഷം അവസാനിപ്പിച്ച് സംയമനത്തോടെ നയതന്ത്ര ചർച്ചകൾക്ക് സാഹചര്യം ഒരുക്കണമെന്നും അക്രമത്തിന്റെ പാത സ്വീകരിക്കരുതെന്നും ഇന്ത്യ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സാഹചര്യം നിരീക്ഷിക്കുകയാണെന്നും മേഖലയിലെ എംബസികൾ ഇന്ത്യൻ സമൂഹവുമായി സമ്പർക്കത്തിലാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ബാലിസ്റ്റിക് മിസൈലുകളും ഡോണുകളും ഉപയോഗിച്ചാണ് ഇസ്രായേലിന് നേരെ ഇറാൻ ആക്രമണം നടത്തിയത്. ഇറാനില്‍ നിന്നും സഖ്യ രാജ്യങ്ങളില്‍ നിന്നുമാണ് ഡ്രോണ്‍ തൊടുത്തത്. ഇസ്രയേല്‍ സേന ഡ്രോണ്‍, മിസൈല്‍ ആക്രണം സ്ഥിരീകരിച്ചിരുന്നു. ആക്രമണത്തിൽ പത്ത് വയസുകാരന് പരിക്കേറ്റതായി ഇസ്രായേൽ സ്ഥിരീകരിച്ചിരുന്നു. ആക്രമണ സാധ്യത കണത്തിലെടുത്ത് ഇസ്രായേലിലെ എല്ലാ സ്‌കൂളുകളും അടച്ചിട്ടുണ്ട്. ജോർദാനും ഇറാഖും ലബനോനും വ്യോമ മേഖല അടച്ചു. ഇസ്രായേല്‍ വ്യേമമേഖലയും വിമാനത്താവളവും അടച്ചു.

അതേസമയം ഏപ്രിൽ ഒന്നിന് സിറിയയിലെ കോൺസുലേറ്റിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് മുതിർന്ന കമാൻഡർമാർ ഉൾപ്പെടെ ഏഴ് റെവല്യൂഷണറി ഗാർഡ് ഓഫീസർമാർ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഇസ്രായേൽ-ഇറാൻ ബന്ധം വീണ്ടും രൂക്ഷമാവുകയായിരുന്നു. ഇസ്രായേൽ നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ഇറാൻ നേരത്തെ അറിയിച്ചിരുന്നു.